Your Image Description Your Image Description

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ‘സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം’ പദ്ധതിയിലൂടെ 18 നീര്‍ച്ചാലുകള്‍ പുനരുദ്ധരിക്കും. ജില്ലയിലെ പശ്ചിമഘട്ട മലയോര മേഖലയിലെ നീര്‍ച്ചാലുകള്‍ ശക്തിപ്പെടുത്താനുള്ള ജലസുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. മാപ്പത്തോണ്‍ മാപ്പിംഗ് പൂര്‍ത്തീകരിച്ച ജില്ലയിലെ 18 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഒരോ നീര്‍ച്ചാലുകള്‍ വീതം ശക്തിപ്പെടുത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളായ ചെറുപുഴ, ഉദയഗിരി, ആലക്കോട്, നടുവില്‍, എരുവേശ്ശി, പയ്യാവൂര്‍, ഉളിക്കല്‍, പായം, അയ്യൻകുന്ന്, ആറളം, മുഴക്കുന്ന്, പേരാവൂര്‍, കേളകം, കണിച്ചാര്‍, കൊട്ടിയൂര്‍, കോളയാട്, മാലൂര്‍, പാട്യം എന്നിവിടങ്ങളില്‍ മാപ്പത്തോണ്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളിലെ ഒരു നീര്‍ച്ചാലിന് മുന്‍ഗണന നല്‍കി പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന ബജറ്റില്‍ വിഹിതം വകയിരുത്തിയിട്ടുണ്ട്. നീര്‍ച്ചാല്‍ തെരെഞ്ഞെടുക്കുമ്പോള്‍ അത് ഉള്‍പ്പെടുന്ന നീര്‍ച്ചാല്‍ ശൃംഖല മുഴുവനായും വീണ്ടെടുത്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. മാപ്പിംഗ് പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ഉചിതമായ പ്രാദേശിക പദ്ധതികള്‍ തീരുമാനിക്കുന്നതിനുള്ള സാങ്കേതിക ഉപദേശം നല്‍കുന്നതിനായി സംസ്ഥാന എന്‍വയോണ്‍മെന്റ് അപ്രൈസല്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഡോ. അജയകുമാര്‍ വര്‍മ ചെയര്‍മാനും ഹരിതകേരളം മിഷന്‍ സംസ്ഥാന അസി. കോ ഓര്‍ഡിനേറ്റര്‍ എബ്രഹാം കോശി കണ്‍വീനറുമായിട്ടുള്ള ആറംഗ വിദഗ്ദ സമിതി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. സമിതി അടുത്ത മാസം ജില്ലയില്‍ സന്ദര്‍ശനം നടത്തി നീര്‍ച്ചാല്‍ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും.

Related Posts