Your Image Description Your Image Description

അവിവാഹിത ആയ ഒരു സ്ത്രീ ഗര്‍ഭിണിയാവുന്നതും ആ കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തുന്നതുമെല്ലാം ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍ ഈ വെല്ലുവിളിയെ സധൈര്യം നേരിട്ട വ്യക്തിയാണ് ബോളിവുഡ് നടി നീന ഗുപ്ത. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസമായിരുന്ന വിവിയന്‍ റിച്ചാര്‍ഡ്‌സുമായി നീന പ്രണയത്തിലാകുകയും തുടര്‍ന്ന് ഗര്‍ഭിണിയാകുകയുമായിരുന്നു. എന്നാല്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ് വെസ്റ്റിന്‍ഡീസിലേക്ക് തിരിച്ചുപോയശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നീന അറിഞ്ഞത്.

 

അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍ അതിയായി സന്തോഷിച്ചെന്നും എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കുക എന്നത് ധീരമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നുവെന്നും നീന പറയുന്നു. ‘സച്ച് കഹൂന്‍ തോ’ എന്ന തന്റെ ഓര്‍മക്കുറിപ്പില്‍ നീന പഴയകാലം ഓര്‍ത്തെടുക്കുന്നുണ്ട്.

 

‘1989-ല്‍ ഞാനൊരു അമ്മയാകാന്‍ പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷത്താല്‍ മതിമറന്നു. എന്നാല്‍, മുന്നോട്ടുള്ള വഴി എളുപ്പമായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ഒരു സിംഗിള്‍ മദര്‍ ആയി കുഞ്ഞിനെ വളര്‍ത്തുക എന്നത് അക്കാലത്ത് ആലോചിക്കാന്‍കൂടി പറ്റില്ലായിരുന്നു. എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ അച്ഛന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് ആയിരുന്നെങ്കിലും ഞങ്ങള്‍ നിയമപരമായി വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ കുഞ്ഞിനെ വളര്‍ത്തുന്ന കാര്യത്തില്‍ അവസാന തീരുമാനമെടുത്തത് വിവിയനോട് സംസാരിച്ചതിനുശേഷമായിരുന്നു.’-ഓര്‍മക്കുറിപ്പില്‍ നീന പറയുന്നു.

 

വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ചും പ്രണയകാലത്തെ കുറിച്ചും നീന ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്. വിവിയന്റെ ക്രിക്കറ്റ് മത്സരം കണ്ടതിനുശേഷമുള്ള ഒരു അത്താഴ വിരുന്നില്‍വെച്ചാണ് ഇരുവരും ആദ്യമായി നേരില്‍ കാണുന്നത്. അന്ന് കുറച്ച് സമയം ഒരുമിച്ച് ചെലവഴിച്ചെങ്കിലും പിന്നീട് എപ്പോഴോ ആ ബന്ധം മുറിഞ്ഞു. അതിനുശേഷം ഡല്‍ഹി വിമാനത്താവളത്തില്‍വെച്ചാണ് പരസ്പരം കണ്ടത്. അതിനുശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു.

ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിയുമ്പോഴേക്കും വിവിയന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ചിലര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഉപദേശിച്ചു. മറ്റുചിലര്‍ ഒറ്റയ്ക്ക് കുട്ടിയെ വളര്‍ത്തുന്നതിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഞാന്‍ എല്ലാവരെയും ക്ഷമയോടെ കേട്ടു. അവരെല്ലാം എന്നെക്കുറിച്ചുള്ള ആശങ്കയാണ് പങ്കുവെച്ചതെന്ന് എനിക്കറിയാം. പക്ഷേ, ഞാന്‍ വീട്ടില്‍ തിരിച്ചെത്തി തനിച്ചായപ്പോള്‍, ഞാന്‍ എന്നോട് തന്നെ ‘നിന്റെ തീരുമാനം എന്താണെന്ന്’ ചോദിച്ചു. കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തുക എന്ന ഉത്തരമായിരുന്നു മനസില്‍ തെളിഞ്ഞത്. എന്റെ ശരീരം അമ്മയാകാന്‍ തയ്യാറെടുക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.’ നീന ഓര്‍മക്കുറിപ്പില്‍ പങ്കുവെയ്ക്കുന്നു.

പിന്നീട് വിവിയന്‍ റിച്ചാര്‍ഡ്‌സിനോട് സംസാരിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്ന് ചോദിക്കുകയും ചെയ്തിരുന്നു. ‘ഞാന്‍ വിവിയനോട് സംസാരിച്ചു. അദ്ദേഹത്തിന്റെ കുഞ്ഞിനെ ഞാന്‍ ഗര്‍ഭം ധരിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു. കുഞ്ഞിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള തുല്ല്യ അവകാശം അച്ഛനുമുള്ളതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചത്. കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹത്തിനും ഏറെ സന്തോഷമായി. ധൈര്യമായി മുന്നോട്ടുപോകൂ എന്നും ഒപ്പമുണ്ടാകും എന്നുള്ള ഉറപ്പ് അദ്ദേഹം നല്‍കി. ഒരു കുഞ്ഞിനെ ഞാന്‍ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപക്ഷേ ഗര്‍ഭഛിദ്രം ചെയ്യുമായിരുന്നു. വിവിയന്‍ എന്നെ പിന്തുണച്ചപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി’- നീന പറയുന്നു.

മകള്‍ മസാബ ജനിച്ചശേഷം വിവിയന്‍ റിച്ചാര്‍ഡ്‌സ് കഴിയുന്നത്രയും കാര്യങ്ങളില്‍ തന്നോടൊപ്പം നിന്നുവെന്നും അദ്ദേഹം വിവാഹിതനായി മറ്റൊരു രാജ്യത്ത് താമസിക്കുന്നതിനാല്‍ തങ്ങളുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നുവെന്നും നീന ഓര്‍മക്കുറിപ്പില്‍ പങ്കുവെയ്ക്കുന്നു. ‘ഒത്തിരിയൊത്തിരി നല്ല മുഹൂര്‍ത്തങ്ങളും മോശം ദിവസങ്ങളും ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുണ്ട്. ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പ് ആയിരുന്നെങ്കിലും അത് തികച്ചും വ്യത്യസ്തമായ ബന്ധമായിരുന്നു. മകള്‍ മസാബ ഇപ്പോഴും വിവിയനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.’- നീന ഗുപ്ത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts