Your Image Description Your Image Description

നാലുവര്‍ഷത്തിനിടെ പതിനായിരത്തിലേറെ സഞ്ചാരികള്‍; മൂന്ന് കോടിക്ക് മുകളില്‍ വരുമാനവും. കുരിയോട്ടുമല ഹൈടെക് ഡയറി ഫാം കാഴ്ചകള്‍ക്കൊപ്പം സമ്മാനിക്കുന്നത് തൊഴിലും വരുമാനവും. കല്ലടയാറിന്റെ കരയിലെ പ്രകൃതിഭംഗിയില്‍ മൃഗവൈവിധ്യവും കാര്‍ഷികസമൃദ്ധിയുമാണ് നിറയുന്നത്. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 288 ഏക്കര്‍ വിസ്തൃതിയുള്ള ഫാമില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക-ടൂറിസം അധിഷ്ഠിത വികസനപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 2024-25 വര്‍ഷത്തെ കണക്കുപ്രകാരം കാര്‍ഷിക-മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിറ്റുവരവ് ഉള്‍പ്പെടെ പ്രതിവര്‍ഷം 3,02,91,093.86 രൂപ വരുമാനം ലഭിക്കുന്നു.

പച്ചക്കുന്നുകളും ജീവന്‍തുടിക്കുന്ന ശില്പങ്ങളും ‘ഫാം ടൂറിസം’ സാര്‍ഥകമാക്കുന്നു. 1962ല്‍ എരുമ വളര്‍ത്തല്‍ കേന്ദ്രമായി തുടക്കം. 2017ല്‍ കാലിസമ്പത്തിന്റെ വൈവിധ്യവല്‍ക്കരണം നടപ്പിലാക്കി. ഓട്ടോമേറ്റഡ് സൗകര്യങ്ങളോടെ നവീകരിച്ചു. കുരിയോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാമിനെ സര്‍ക്കാര്‍ ഹൈടെക് ഡയറിഫാമായി ഉയര്‍ത്തി.

ജെഴ്‌സി, സുനന്ദിനി, സ്വിസ്ബ്രൗണ്‍, വെച്ചൂര്‍ തുടങ്ങി വിവിധ ഇനത്തില്‍പ്പെട്ട 650 പശുക്കകള്‍, 450 ആടുകള്‍, 4 ഒട്ടകപക്ഷികള്‍, വ്യത്യസ്തയിനത്തില്‍പ്പെട്ട മുയലുകള്‍, 4 കുതിരകള്‍, 3 എമു പക്ഷികള്‍ എന്നിങ്ങനെ കാഴ്ചകള്‍ അവസാനിക്കുന്നില്ല. 40 ഏക്കറില്‍ റെഡ് നേപ്പിയര്‍, സൂപ്പര്‍ നേപ്പിയര്‍, സിഓ-3, സിഓ-5, ഡ്വാര്‍ഫ് ആന്റ് നേപ്പിയര്‍, സെറ്റേറിയ, ഗിനിഗ്രാസ് തുടങ്ങിയ പുല്ലിനങ്ങളും കൃഷിചെയ്യുന്നു. 3 ഏക്കറോളം തരിശുപ്രദേശത്തും വൃക്ഷങ്ങളുടെ ചുവട്ടിലും കപ്പ, വാഴ, ചേന, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക, വഴുതന, വെണ്ട, പയര്‍, പാവല്‍, പടവലം, തക്കാളി, പച്ചമുളക്, ഉണ്ടമുളക്, വെള്ളരി, മത്തന്‍, കുമ്പളം, ആകാശവെള്ളരി, കോവല്‍, പീച്ചില്‍, പപ്പായ, സീസണ്‍ പച്ചക്കറികളും പാഷന്‍ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട് എന്നീ പഴവര്‍ഗ്ഗങ്ങളും കൂണ്‍കൃഷിയുമുണ്ട്. സുബാബുള്‍, അഗസ്ത്യ ചീര തുടങ്ങിയ ഫോഡര്‍ ഇനങ്ങളുമുണ്ട്. 75 സെന്റില്‍ ബന്ദിപൂകൃഷി ചെയ്ത് 230 കിലോ വിളവെടുത്ത് വില്‍പ്പന നടത്തി. നൂതന ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന ഡെമോണ്‍സ്‌ട്രേഷന്‍ യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഫാമില്‍ പ്രവര്‍ത്തിച്ച്‌വരുന്ന മില്‍ക്കിംഗ് പാര്‍ലര്‍ യൂണിറ്റില്‍നിന്നും ദൈനംദിനം ശരാശരി 1300 ലിറ്റര്‍ പശുവിന്‍പാല്‍, ആട്ടിന്‍പാല്‍, വെച്ചൂര്‍ പശുവിന്‍പാല്‍ ലഭിക്കുന്നു. തേന്‍, മണ്ണിരകമ്പോസ്റ്റ്, ഉണക്കചാണകപ്പൊടി, ആട്ടിന്‍കാട്ടം, ഗോമൂത്രം, വെര്‍മിവാഷ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മൈക്രോഗ്രെയ്ന്‍, കൂണ്‍, തിലോപ്പിയമത്സ്യം എന്നവവേറെ. മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളായ നെയ്യ്, പനീര്‍, തൈര് തുടങ്ങിയവ മിതമായ നിരക്കിലും ഒട്ടകപക്ഷിയുടെ മുട്ടകള്‍ 500 രൂപയ്ക്കും എമുവിന്റെ മുട്ടകള്‍ 200 രൂപയ്ക്കും ഫാം കൗണ്ടറിലൂടെയും ജില്ലാ പഞ്ചായത്തിന്റെ കൗണ്ടറിലൂടെയും വില്‍ക്കുന്നു.

ചില്‍ഡ്രന്‍സ് പാര്‍ക്ക്, ചെറുകുടിലുകള്‍, ശലഭപാര്‍ക്ക്, വിളമ്യൂസിയം, ബയോഫ്‌ളോക്ക്മത്സ്യകൃഷി, തേനീച്ചവളര്‍ത്തല്‍, അലങ്കാരമത്സ്യകൃഷി എന്നിവയും സജീവം. ക്യാന്റീന്‍, ഐസ്‌ക്രിംയൂണിറ്റ്, കുതിരസവാരി, കോഫീയൂണിറ്റുകള്‍, ജ്യൂസ്‌കൗണ്ടറുകള്‍, ഡോര്‍മെറ്ററി തുടങ്ങിയവ വിനോദ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താം.

വിവിധ വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍, വന്യമൃഗങ്ങള്‍ എന്നിവയുടെ നാല്‍പ്പത്തിലധികം ജീവന്‍തുടിക്കുന്ന സിമന്റ്ശില്‍പങ്ങള്‍ ഫാമില്‍ പലയിടങ്ങളായി കാണാം. ഫാമിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഒരാള്‍ക്ക് 30 രൂപയും 30 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സ്‌കൂള്‍ സംഘങ്ങള്‍ക്ക് 300 രൂപയൂം ബട്ടര്‍ഫ്‌ളൈപാര്‍ക്കിലെ പ്രവേശനത്തിന് 40 രൂപയൂം കുതിരസവാരിക്ക് മൂന്ന് റൗണ്ടിന് 50 രൂപ നിരക്കിലുമാണ് ടിക്കറ്റ്. താമസിക്കാന്‍ ആധുനികസജ്ജീകരണങ്ങളോടെയുള്ള മുറികളുമുണ്ട്. ഒരു മുറിക്ക് 750 രൂപയൂം ശീതീകരിച്ചതിന് 1000രൂപയുമാണ് നിരക്ക്.

Related Posts