Your Image Description Your Image Description

ന്യൂകാസിൽ മാനേജർ എഡ്ഡി ഹൗവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് ദിവസങ്ങ‍ളായി നീണ്ടുനില്‍ക്കുന്ന ശാരീരിക അസ്വസ്ഥതക‍ളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഞായറാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ക്ലബിൻ്റെ പ്രീമിയർ ലീഗ് മത്സരം നഷ്ടമാകും. കൂടുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ വിധേയമാക്കിയതായി ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. കുടുംബവുമായി അദ്ദേഹം സംസാരിച്ചുവെന്നും വൈദ്യസഹായം തുടർന്നും ലഭിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് വിവരം.

ന്യൂകാസിൽ യുണൈറ്റഡിലെ എല്ലാവരും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാനായി ആശംസകൾ നേരുകയാണെന്നും കൂടുതൽ അപ്‌ഡേറ്റുകൾ യഥാസമയം ക്ലബ്ബ് ആരാധകരെ അടക്കം അറിയിക്കുമെന്നും ന്യൂകാസില്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം പ്രസ്താവനയില്‍ അദ്ദേഹത്തിൻ്റെ അസുഖത്തെക്കുറിച്ചോ രോഗാവസ്ഥയെക്കുറിച്ചോ ക്ലബ്ബ് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ഹൗവിൻ്റെ അഭാവത്തിൽ, അസിസ്റ്റൻ്റ് മാനേജർമാരായ ജേസൺ ടിൻഡാലും ഗ്രേം ജോൺസുമാകും ന്യൂകാസിലിനെ നയിക്കുക.

കഴിഞ്ഞ മാസം, വെംബ്ലിയിൽ ലിവർപൂളിനെതിരെ കരബാവോ കപ്പ് ഫൈനൽ വിജയത്തോടെ 70 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആദ്യത്തെ ആഭ്യന്തര ട്രോഫി നേടാൻ ഹൗ ക്ലബ്ബിനെ സഹായിച്ചിരുന്നു. നിലവില്‍ പ്രീമിയർ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ന്യൂകാസിൽ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts