Your Image Description Your Image Description

കേരളത്തിൽ ആദ്യമായിട്ടാണ് കൃഷിനാശത്തിന്റെ ഭാഗമായി കർഷകർ പ്രതിസന്ധിയിലായപ്പോൾ കൃഷിവകുപ്പ് നേരിട്ട് നെല്ല് സംഭരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിലെ നെല്ല് , ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ചതിന്റെ വില വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി പി പ്രസാദ്. കൃഷി നാശം സംഭവിച്ച എട്ടു പാടശേഖരങ്ങളിൽ നിന്നും 335 കർഷകരുടെ 4,77,542 കിലോ നെല്ല് സംഭരിച്ചതിന്റെ വിലയായി 1.1729624 കോടി രൂപ ലഭിച്ചു.

കഴിഞ്ഞ സീസണിൽ ജില്ലയിലെ നിരവധി പാടശേഖരങ്ങളിൽ പുഞ്ച കൃഷിയുടെ സമയത്ത് ഉഷ്ണ തരംഗം ഉണ്ടാകുകയും ഉപ്പ് വെള്ളം കയറുകയും ചെയ്തതോടെ വലിയ കൃഷി നാശമാണ് ഉണ്ടായത്. ഉള്ള നെല്ല് അളെന്നെടുക്കാതെ മില്ലുകാർ വലിയ രീതിൽ വില പേശൽ നടത്തി.

കർഷകർക്ക് ഉണ്ടായ നഷ്ടത്തിന്റെ തോത് നോക്കുമ്പോൾ ഇൻഷുറൻസ് തുക മാത്രം ലഭിച്ചാൽ പോരാതെ വരും.കൃഷി നാശം വന്നതിനുശേഷം ബാക്കിയുള്ള നെല്ല് മില്ലുകരുടെ ദയാ ദാക്ഷണ്യത്തിന് വിട്ടുകൊടുക്കാതെ നേരിട്ട് ഏറ്റെടുക്കുന്നതിനെ കുറിച്ച് കൃഷി വകുപ്പ് ചിന്തിച്ചു. ക്യാബിനറ്റിൽ ഇത് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ എല്ലാവിധ പിന്തുണയും ലഭിച്ചു. ധനകാര്യ വകുപ്പ് മന്ത്രിയുമായി പ്രത്യേക യോഗം ചേർന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓയിൽ പാം ഇത് ഏറ്റെടുക്കുകയായിരുന്നെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.

ഉപ്പുവെള്ളം കയറിയതിന്റെ ഭാഗമായി 4375 ഹെക്ടറിലാണ് കൃഷി നാശം സംഭവിച്ചതയാണ് കൃഷി വകുപ്പ് കണക്ക് കൂട്ടിയിരിക്കുന്നത്.ഇതിനുമുമ്പ് ഉപ്പുവെള്ളം കയറി കൃഷി നശിച്ചപ്പോൾ യാതൊരുവിധ സഹായവും നൽകിയിട്ടില്ല.

നെല്ല് കർഷകരിൽ നിന്ന് ഏറ്റെടുത്താൽ എത്രയും വേഗം തുക കർഷർക്ക് ലഭ്യമാക്കുന്നതിന് എന്ത് ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് പഠിക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപികരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 2601 കോടി രൂപ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുണ്ട്.

കഞ്ഞിപ്പാടം കുറ്റുവേലിൽ ക്ഷേത്ര മൈതാനത്ത് നടന്ന ചടങ്ങിന് എച്ച് സലാം എം എൽ എ അധ്യക്ഷത വഹിച്ചു.ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഹാരിസ്,

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എം ദീപ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം ഷീജ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രജിത്ത് കാരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി ആർ അശോകൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts