Your Image Description Your Image Description

നൂതന സാങ്കേതിക ഉപകരണങ്ങളുടെ സേവനങ്ങൾ പൊതുജനങ്ങൾക്കു കൂടി ഉപകാര പ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തി മാതൃകയാകുകയാണ് കളമശേരി കുസാറ്റ് കാമ്പസിൽ പ്രവർത്തിച്ചു വരുന്ന സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ (സ്റ്റിക്).
ഉയര്‍ന്ന നിലവാരമുള്ള പരിശോധനകൾ, അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്ന കാലിബ്രേഷന്‍ സൗകര്യങ്ങള്‍, മെറ്റീരിയല്‍ വിശകലന സൗകര്യം, ഗവേഷണ വികസന പിന്തുണ, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, പരിശീലന പരിപാടികള്‍ എന്നിവ നല്‍കി വ്യവസായങ്ങള്‍, ഗവേഷണ വികസന സ്ഥാപനങ്ങള്‍, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവര്‍ക്കു വേണ്ട സേവനങ്ങള്‍ ഇവിടെ നല്‍കി വരുന്നു.
വ്യവസായ കാര്‍ഷിക മേഖലയില്‍
പൊതുജനങ്ങള്‍ക്കു വേണ്ട നിരവധി സേവനങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
തങ്ങളുടെ കൈവശമുള്ള അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കുക എന്നത് വ്യവസായം, ഗവേഷണം തുടങ്ങി അനുബന്ധ മേഖലയിൽ പ്രവർത്തിച്ചു വരുന്നവർക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ഈ സേവനങ്ങൾ ദക്ഷിണേന്ത്യയിൽ നിന്നുള്ള വ്യവസായ സ്ഥാപനങ്ങൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, മറ്റ് കാലിബ്രേഷൻ ലബോറട്ടറികൾ തുടങ്ങി ചെറിതും വലുതുമായിട്ടുള്ള സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു.
ഉപകരണങ്ങളുടെ കൃത്യത മറ്റൊരു മാസ്റ്റർ ഇൻസ്ട്രുമെൻ്റുമായി തുലനം ചെയ്ത് കൃത്യത ഉറപ്പുവരുത്തി നൽകുന്ന പ്രവർത്തനമാണ് ഇവിടെ നടക്കുന്നത് . സ്റ്റിക്കിൻ്റെ കാലിബ്രേഷൻ ലബോറട്ടറികളിൽ ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന കാലിബ്രേഷൻ ഉപകരണങ്ങളും മാനദണ്ഡങ്ങളും സജ്ജീകരിച്ചിരിക്കുന്നു. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL) ഈ ലബോറട്ടറികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇലക്ട്രോ-ടെക്നിക്കൽ, തെർമൽ, മെക്കാനിക്കൽ പാരാമീറ്ററുകൾക്കായി സ്റ്റിക് കാലിബ്രേഷൻ സേവനങ്ങൾ ചെയ്ത് വരുന്നുണ്ട്.
ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നത് പൊതുജനങ്ങളെ സംബന്ധിച്ച് പ്രധാനമാണ്.
നിത്യേനയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളം ലാബില്‍ ടെസ്റ്റ് ചെയ്ത് അതില്‍ ഹാനികരമായ
കോളിഫോം, ഇ കോളി അല്ലെങ്കില്‍ ഹാനികരമായ മറ്റെന്തെങ്കിലും കീടാണുക്കളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്തു കൊടുക്കുന്നുണ്ട്. നിരവധി ആളുകള്‍ ഈ സേവനം നിലവിൻ പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ ഭക്ഷണപദാർത്ഥങ്ങളുടെയും ഗുണനിലവാരം പരിശോധിച്ച് ഇവിടെ ഉറപ്പ് വരുത്തുന്നു.
സ്റ്റിക്കിലെ , സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ഫെസിലിറ്റി (SAIF) ഗവേഷകർ, വിദ്യാർത്ഥികൾ, വ്യവസായങ്ങൾ എന്നിവർക്കുള്ള ഒരു സൗകര്യമാണ്, അവർക്ക് വസ്തുക്കളുടെയും രാസ വസ്തുക്കളുടെയും കെമിക്കൽ ആറ്റോമിക്, സ്പെക്ട്രൽ വിശകലനത്തിനായി ഉയർന്ന നിലവാരമുള്ള അനലിറ്റിക്കൽ ഉപകരണങ്ങൾ ആവശ്യമാണ്. വിലകൂടിയ ഉപകരണങ്ങൾ സ്വന്തം സ്ഥാപത്തിൽ ഒരുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഈ സൗകര്യം ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് സ്പോൺസർ ചെയ്യുന്നത്. രാജ്യത്തെ പന്ത്രണ്ടാമത്തെ ഇത്തരത്തിലുള്ള സൗകര്യമാണ് STIC-ലെ SAIF.14 ഓളം അതി സങ്കീർണമായ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ഈ ലബോറട്ടറിയിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് 80 ശതമാനത്തോളം ഡിസ്കൗണ്ടിലാണ്
ഈ സർവീസുകൾ നൽകുന്നത്. അതുപോലെ ഗവേഷണ വികസന സ്ഥാപനങ്ങൾക്ക് 40% ഇളവും
നൽകി വരുന്നുണ്ട്.
ഇന്ത്യയിലുള്ള സ്ഥാപനങ്ങളും അതുകൂടാതെ പുറത്തുള്ള വിദേശരാജ്യങ്ങളായ നേപ്പാൾ ഭൂട്ടാൻ, യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടെസ്റ്റുകളും ഈ ലബോറട്ടറിയിൽ ചെയ്യുന്നുണ്ട്.
ഇലക്ട്രിക്കൽ രംഗത്ത് കെഎസ്ഇബിയുടെ ടെസ്റ്റിംഗ് സർവീസുകളും ഇവിടെ ചെയ്യുന്നുണ്ട് . കെഎസ്ഇബിയുട കേബിൾസ് സ്റ്റേ വയേഴ്സ്, പോൾസ് എന്നീ ഉൽപ്പന്നങ്ങൾ സർട്ടിഫൈ ചെയ്യുന്ന ഒരു ലാബ് കൂടിയാണ് ഇത്.
ഇതു കൂടാതെ ഉപകരണ വികസന മേഖലയിലെ ഗവേഷണ വികസന പദ്ധതികൾ STIC ഏറ്റെടുത്ത് വ്യവസായങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കുമായി ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.
ഇൻസ്ട്രുമെന്റേഷൻ, കാലിബ്രേഷൻ, ഗുണനിലവാര മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലന പരിപാടികൾ/സെമിനാറുകൾ/വർക്ക്ഷോപ്പുകൾ എന്നിവയും STIC സംഘടിപ്പിച്ച് വരുന്നു. ഗവേഷണ വിദ്യാത്ഥികൾ, സ്ഥാപനങ്ങൾ തുടങ്ങി അനുബന്ധ മേഖലയിൽ ഉള്ളവർ ഈ സേവനം അനുദിനം പ്രയോജനപ്പെടുത്തിവരുന്നു.
വിവിധ ചെറുകിട വൻകിട വ്യവസായ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ സ്റ്റിക്കിന്റെ സേവനം വളരെയധികം
ഉപയോഗപ്പെടുത്തുന്നുണ്ട്.
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റും (KSCSTE) കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും സംയുക്തമായി സ്പോൺസർ ചെയ്യുന്ന ഒരു സ്ഥാപനമാണ് സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്റർ.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചെയര്‍മാനായ എക്സിക്യൂട്ടീവ് കമ്മിറ്റിയും, കേരളശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഗവേണിംഗ് കൗണ്‍സില്‍ എന്നീ രണ്ട് കമ്മിറ്റികളും ആണ് ഭരണനിര്‍വഹണത്തില്‍ മേല്‍നോട്ടം വഹിക്കുന്നത്.ചെറിയ കാലിബ്രേഷന്‍ ലബോറട്ടറിയായി 1995 ല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ തുടങ്ങിയ ഈ സ്ഥാപനം ഇപ്പോള്‍ പൊതു ജനങ്ങൾക്കു കൂടി സേവനങ്ങൾ നൽകി കൂടുതൽ ജനകീയമായി കൊണ്ടിരിക്കുകയാണ്.

Related Posts