Your Image Description Your Image Description

ഭൗമ-സൂര്യ നിരീക്ഷണത്തിലൂടെ നിഴലില്ലാ ദിനത്തിലെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തി കുട്ടിശാസ്ത്രജ്ഞര്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍, ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് പ്രോഗ്രാം, സയന്‍സ് ക്ലബ് എന്നിവ ചേര്‍ന്നാണ് ഏപ്രില്‍ 11 മുതല്‍ 22 വരെ കേരളത്തിലെ 14 ജില്ലകളില്‍നിന്നും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ബിസി 240ല്‍ എറോത്തസ്തനീസ് എന്ന ഭൗമശാസ്ത്രജ്ഞന്‍ നിഴല്‍ ഉപയോഗിച്ച് ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിച്ച  ശാസ്ത്രതത്വം തത്സമയം പുനരാവിഷ്‌കരിച്ച് വിദ്യാര്‍ഥികളെ ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിക്കുന്ന തത്വം പഠിപ്പിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ഏപ്രില്‍ 11ന് തിരുവനന്തപുരത്താണ് ഉദ്ഘാടനം നടന്നത്.
കുണ്ടുപറമ്പ് ജിഎച്ച്എസ്എസിലെ കെ നേഹ, സഹ്‌റ ബത്തൂല്‍, സന ടി തയ്യില്‍, മേപ്പയൂര്‍ എം.യു.പി സ്‌കൂളിലെ ആമിന മിലേയ, ഏളേറ്റില്‍ എംജെഎച്ച്എസ്എസിലെ കെ എം മിസ്‌ന ജബിന്‍ എന്നിവരാണ് കോഴിക്കോട് ജില്ലയിലെ പരീക്ഷണത്തില്‍ പങ്കാളികളായത്.
എറോത്തസ്തനിസ് ഈ പരീക്ഷണം നടത്തിയ ജൂണ്‍ 22 വരെ തുടരുന്ന പരിപാടിയുടെ ഭാഗമായി മാരത്തോണ്‍ പ്രസംഗ പ്രചാരണവും സുസ്ഥിരവികസന ഹരിത മത്സരങ്ങളും സംഘടിപ്പിക്കും. മികച്ച പ്രകടനം നടത്തുന്ന വിദ്യാലയത്തിന് 25,000 രൂപയുടെ ശോഭീന്ദ്ര പുരസ്‌കാരവും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു സമ്മാനങ്ങളും നല്‍കും. ജൂണ്‍ അഞ്ചിന് ഫലം പ്രഖ്യാപിക്കുന്ന മത്സരങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 9645964592 നമ്പറില്‍ ബന്ധപ്പെടണം.
ഗ്രീന്‍ക്ലീന്‍ കേരള മിഷന്‍ കണ്‍വീനര്‍ എന്‍ജിനീയര്‍ ഇക്ബാല്‍, സയന്‍സ് ക്ലബ് ജില്ലാ സെക്രട്ടറി പ്രശാന്ത്, ഡോ. കെ. ശ്രീജ, ഡോ. ദീപ്തി, ഷീജ എന്നിവരാണ് 14 ജില്ലകളിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts