Your Image Description Your Image Description

നാടുനടുങ്ങിയ ദുരന്ത രാത്രിയില്‍ ഒടുങ്ങിപ്പോയ മനുഷ്യ ജീവിതങ്ങള്‍ക്കൊപ്പം നിരവധി മൃഗങ്ങളുമുണ്ടായിരുന്നു. ജീവഭയത്തില്‍ നിലവിളിച്ച അവയും അതിജീവന പോരാട്ടത്തിലൂടെയാണ് കടന്ന് പോയത്. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കു പ്രകാരം 234 ജീവജാലങ്ങളാണ് ദുരന്തം അതിജീവിച്ചത്. പലതിനും കാര്യമായ പരിക്കുകളും ക്ഷീണവുമുണ്ടായിരുന്നു. രക്ഷാദൗതൃത്തിന് ചുക്കാന്‍പിടിച്ചവരുടെ കൈകക്കളിലേക്കെത്തിയ അരുമ മൃഗങ്ങളെ കരുതലോടെയാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. തിരികെ കിട്ടിയ മൃഗങ്ങളെ ഉപേക്ഷിക്കാതെ ചേര്‍ത്തുപിടിക്കുകയായിരുന്നു മൃഗസംരക്ഷണ വകുപ്പ്. വെറ്ററിനറി ആശുപത്രികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ചേര്‍ന്ന് ശക്തമായൊരു സംരക്ഷണ വലയം തന്നെ തീര്‍ത്തു. ദുരന്തം അതിജീവിച്ച മൃഗങ്ങള്‍ക്ക് പുതിയ വീടുകളില്‍ സംരക്ഷണമൊരുങ്ങി. മനുഷ്യര്‍ക്കൊപ്പം അവയും പുനരധിവാസത്തിന്റെ ഭാഗമായി.

 

9 പൂച്ചകളും 5 പൂച്ചക്കുട്ടികളും 2 നായകളും പുതിയ ജീവിതം തേടി കേരളത്തിന് പുറത്തേക്ക് യാത്രയായി. പാതിവഴിയില്‍ ഒരു പൂച്ചയും രണ്ട് പൂച്ചക്കുട്ടികളും മരിച്ചത് മറ്റൊരു ദുഃഖമായെങ്കിലും 13 വളര്‍ത്തുമൃഗങ്ങള്‍, ഇന്ന് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ സുഖമായി ജീവിക്കുകയാണ്. അതേസമയം, ദുരന്തത്തില്‍ 2775 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായതായാണ് കണക്ക്. അതില്‍ 81 പശുക്കള്‍, 5 എരുമകള്‍, 16 ആടുകള്‍, 50 മുയലുകള്‍, 2623 കോഴികള്‍ എന്നിവ ഉള്‍പ്പെടുന്നു.

 

കന്നുകാലികള്‍ നഷ്ടപ്പെട്ട 23 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 18.02 ലക്ഷം രൂപ വിതരണം ചെയ്തു. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 178 കുടുംബങ്ങളില്‍, 78 കുടുംബങ്ങളെ അടിയന്തരമായി സഹായം ലഭിക്കേണ്ടവരായി തെരഞ്ഞെടുത്തു. മരിച്ചവരുടെ ഓര്‍മ്മകളും, രക്ഷപ്പെട്ടവരുടെ പുതുശ്വാസവുമാണ് ഇന്ന് മുണ്ടക്കൈയുടെ മണ്ണില്‍ ബാക്കിയാവുന്നത്. അതിനൊപ്പം അസഖ്യം മിണ്ടാപ്രാണികളുടെ അതിജീവനസാക്ഷ്യംകൂടി.

 

Related Posts