Your Image Description Your Image Description

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വെടിക്കെട്ടിലെ അനിശ്ചിതത്വം തീരുന്നില്ല. ദൂരപരിധിയിളവിന് അപേക്ഷിക്കാന്‍ കേന്ദ്രവുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നിട്ടില്ല. ഈ മാസം ആദ്യം ഇത്തരമൊരു ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ പോകാമെന്ന നിര്‍ദേശം കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, വിഷയം ചര്‍ച്ചചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്ന ദിവസങ്ങള്‍ കഴിഞ്ഞുപോയി. ഇക്കാര്യത്തില്‍ പൂരം സംഘാടകരുമായി ആശയവിനിമയംപോലും നടന്നിട്ടില്ലെന്നാണ് അറിയുന്നത്.

പുതിയ ഭേദഗതികള്‍ പൂര്‍ണമായും പാലിക്കുന്ന രീതിയില്‍ വേണം വെടിക്കെട്ട് സംഘടിപ്പിക്കാന്‍ എന്ന നിയമോപദേശമേ ജില്ലാ ഭരണകൂടത്തിനു ലഭിക്കൂവെന്ന കാര്യം ഉറപ്പാണ്. വൈകിയാണ് ഇത്തരത്തിലൊരു നിയമോപദേശം ലഭിക്കുന്നതെങ്കില്‍ ഇത് അനിശ്ചിതത്വം വര്‍ധിപ്പിക്കും. പുതിയ ചട്ടഭേദഗതി വന്നശേഷം നടക്കുന്ന ആദ്യ പൂരമായിട്ടും ഫലവത്തായ മുന്നൊരുക്കം ആരംഭിച്ചിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെടിക്കെട്ട് നടത്താനുള്ള ശ്രമവും പാതിവഴിയിലാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെങ്കിലും മറുപടി കിട്ടിയിട്ടില്ല. വെടിക്കെട്ടു നടത്തിപ്പിന് കോടതിയെ സമീപിക്കേണ്ട സ്ഥിതി ഉണ്ടാകുമോയെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts