Your Image Description Your Image Description

തിരുവനന്തപുരം :തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 180ലധികം കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുര മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ബൃഹദ് പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ച്.പുതിയ എം എൽ റ്റി ബ്ലോക്ക് പ്രവർത്തനസജ്ജമായി.

കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 21.35 കോടി രൂപ ചെലവഴിച്ചാണ് എം എൽ റ്റി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്.ഒപ്പം 81.50 കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിക്കുന്ന പുതിയ ഓപ്പറേഷൻ തിയേറ്ററിൻ്റെ നിർമ്മാണോദ്ഘാടനവും നടന്നു. 7 നിലകളിലായി 14 ഓപ്പറേഷൻ തീയേറ്ററുകളും, 145 കിടക്കകളും, 16 ഐ സി യുകളും ഉൾപ്പെട്ട ഒരു ബൃഹദ് പദ്ധതിക്കാണ് ഇന്ന് തുടക്കമായത്.

നിലവിലുള്ള മൂന്ന് കാത്ത്‌ലാബുകൾക്കു പുറമെ, 8.5 കോടി രൂപ ചെലവിൽ പുതിയൊരു കാത്ത്‌ലാബ് കൂടി ഇന്ന് ആരംഭിക്കുകയാണ്. 7.67 കോടി രൂപാ ചെലവിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ സ്ഥാപിച്ച സ്‌പെക്ട് സി ടി സ്‌കാൻ, 4.5 കോടി രൂപ ചെലവിൽ സ്ഥാപിച്ച 128 സ്ലൈസ് സി ടി യൂണിറ്റ്, നവജാത ശിശുവിഭാഗത്തിൽ ‘ജീവാമൃതം’ എന്ന പേരിൽ സ്ഥാപിച്ച ബ്രസ്റ്റ്മിൽക്ക് ബാങ്ക് എന്നിവയ്ക്കു പുറമെ, സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന സ്‌കിൻ ബാങ്കും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.

ലോകോത്തര നിലവാരത്തിൽ കൂടുതൽ കിടക്കകളും അത്യാധുനിക സൗകര്യങ്ങളോടും കൂടി സജ്ജീകരിച്ച പീഡിയാട്രിക്ക് നെഫ്രോ വാർഡും ഇന്ന് ഉദ്ഘാടനം ചെയ്തു. ഡി എം പീഡിയാട്രിക്ക് നെഫ്രോളജി കോഴ്‌സ് ആരംഭിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വാർഡ് സജ്ജീകരിച്ചിട്ടുള്ളത്. കേരളത്തിൽ ആദ്യമായാണ് ഡി എം പീഡിയാട്രിക്ക് നെഫ്രോളജി കോഴ്‌സ് ആരംഭിക്കുന്നത്.

Related Posts