Your Image Description Your Image Description

തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദ് സ്വദേശികളായ ദമ്പതിമാരാണ് വീട് കൈമാറിയത്. കുട്ടികളില്ലാത്ത ദമ്പതികൾ തങ്ങളുടെ വീടിന്റെ ഉടമസ്ഥാവകാശം ശ്രീ വെങ്കടേശ്വര സ്വാമിക്ക് കൈമാറാൻ വിൽപത്രം നേരത്തേ തയ്യാറാക്കിയിരുന്നു. വസന്തപുരി കോളനി നിവാസികളായ കനക ദുർഗ്ഗാ പ്രസാദും സുനിത ദേവിയുമാണ് വീട് നൽകിയത്.

19 ലക്ഷം രൂപ വിലമതിക്കുന്ന 2250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. അന്തരിച്ച ഐആർഎസ് ഉദ്യോഗസ്ഥനായ വൈ.വി.എസ്.എസ്. ഭാസ്‌കർ റാവു സമാനമായ രീതിയിൽ നടത്തിയ സംഭാവനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദമ്പതിമാർ വീട് ദാനം ചെയ്തതെന്ന് ക്ഷേത്ര ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇത് അവരുടെ അഗാധമായ ഭക്തിയെയാണ് കാണിക്കുന്നതെന്ന് ടിടിഡി പറഞ്ഞു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിന്റെ ഔദ്യോഗിക ഭരണസമിതിയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം.

Related Posts