Your Image Description Your Image Description

ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങൾക്കും ഇനി ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (AB-PMJAY) സൗജന്യ ചികിത്സ ലഭ്യമാകും. ബിജെപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതോടെ രാജ്യത്ത് ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്ന 35-ാമത്തെ സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശമായി ഡൽഹി മാറി. ഇനി പശ്ചിമ ബംഗാൾ മാത്രമാണ് ഈ പദ്ധതി നടപ്പാക്കാത്ത ഏക സംസ്ഥാനം.

ആയുഷ്മാൻ ഭാരത് പദ്ധതി 27 വിഭാഗങ്ങളിലായി 1,961 ഓളം രോഗങ്ങൾക്കും ചികിത്സാരീതികൾക്കും സൗജന്യവും പണരഹിതവുമായ പരിരക്ഷ നൽകുന്നു. മരുന്നുകൾ, രോഗനിർണയ സേവനങ്ങൾ, ആശുപത്രിവാസം, ഐസിയു പരിചരണം, ശസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സാ ചെലവുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

ഈ പദ്ധതി പ്രകാരം ഡൽഹിയിലെ അർഹരായ കുടുംബങ്ങൾക്ക് പ്രതിവർഷം 10 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കും. ഇതിൽ 5 ലക്ഷം രൂപ കേന്ദ്ര സർക്കാരിൻ്റെ വിഹിതവും ബാക്കി തുക ഡൽഹി സർക്കാരിൻ്റെ ടോപ്പ്-അപ്പ് ആയും ലഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് ഡൽഹി സർക്കാരും ദേശീയ ആരോഗ്യ അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന ഉന്നത സ്ഥാപനമാണ് ദേശീയ ആരോഗ്യ അതോറിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts