Your Image Description Your Image Description

കൊല്ലം: സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. ഇതോടെ 52 ദിവസം നീണ്ടുനിന്ന വറുതിയുടെ കാലത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് തീരദേശം. വ്യാഴാഴ്ച്ച അർദ്ധരാത്രി 12 മണിക്ക് ട്രോളിങ് നിരോധനത്തിന് അവസാനം കുറിച്ച് നീണ്ടകര പാലത്തിലെ ചങ്ങലപ്പൂട്ടുകൾ തുറക്കും. ഇതിനു പിന്നാലെ മത്സ്യബന്ധനത്തിനായി ബോട്ടുകൾ ആഴക്കടൽ ലക്ഷ്യമാക്കി നീങ്ങും. ഇക്കുറി ട്രോളിങ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ കടലിൽ ഇറക്കുമ്പോൾ നിരവധി ആശങ്കകളും മത്സ്യത്തൊഴിലാളികൾ പങ്കുവെക്കുന്നുണ്ട്.

52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വ്യാഴാഴ്ച അവസാനിക്കുന്നത്. കേന്ദ്രസർക്കാർ കടൽമണൽ ഖനനവുമായി മുന്നോട്ടുപോകുമെന്നുള്ള ഭീഷണിയും പുറംകടലിൽ ചരക്കുകപ്പൽ മുങ്ങിയപ്പോൾ കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകളിൽ കുരുങ്ങി ലക്ഷങ്ങളുടെ വല നശിക്കുമോ എന്ന ആശങ്കയുമായാണ് ബോട്ടുടമകൾ ഇക്കുറി കടലിലിറക്കുന്നത്.

ട്രോളിങ് നിരോധനം തുടങ്ങിയപ്പോൾ നാട്ടിൽപ്പോയ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഈ മേഖലയിൽ ഇപ്പോൾ 50 ശതമാനം തൊഴിലാളികളും ഇതരസംസ്ഥാനത്തിൽനിന്നുള്ളവരാണ്. തിങ്കളാഴ്ചമുതൽതന്നെ ബോട്ടുകൾ ഐസ് നിറച്ചും ഇന്ധനങ്ങളും കുടിവെള്ളവും പാചകത്തിനുള്ള സാമഗ്രികളുമെല്ലാം നിറച്ചും വലകയറ്റിയും ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ജിപിഎസ് റഡാർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അറ്റകുറ്റപ്പണികഴിഞ്ഞ് പിടിപ്പിക്കുകയും ചെയ്തു. തുറമുഖങ്ങളിൽ ബോട്ടുകൾ അടുപ്പിക്കാൻ സഹായിക്കുന്ന തൊഴിലാളികൾ, ഐസ് ഫാക്ടറി ജീവനക്കാർ, പലചരക്കുകടകൾ, വലനിർമാണ കമ്പനി ജീവനക്കാർ, മത്സ്യം തരംതിരിക്കുന്ന തൊഴിലാളികൾ, കമ്മിഷൻ ഏജന്റുമാർ, ഡ്രൈവർമാർ, പീലിങ് ഷെഡുകളിലെ തൊഴിലാളികൾ എന്നിങ്ങനെ തീരദേശം മുഴുവൻ ഉണർന്നു.

കൊല്ലം ജില്ലയിൽ മാത്രം 900 ബോട്ടുകളാണുള്ളത്. അതിൽ എഴുന്നൂറും നീണ്ടകരയിലാണ്. ഒരു ബോട്ടിൽ ശരാശരി 12 തൊഴിലാളികൾ എന്നാണ് കണക്ക്. ഇത്തവണ ട്രോളിങ്ങിന് മുന്നെയുള്ള ദിവസങ്ങളിൽ കാലാവസ്ഥ മോശമായതിനെത്തുടർന്ന് കുറേ തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടിരുന്നു. കപ്പൽ മുങ്ങിയ പ്രശ്നം കാരണവും കുറച്ചുദിവസങ്ങൾ മത്സ്യബന്ധനത്തിന് തടസ്സം നേരിട്ടു. വരുമാന നഷ്ടം കാരണം പലർക്കും പുതിയ വല വാങ്ങാനോ ബോട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്താനോ കഴിഞ്ഞിട്ടില്ല.

Related Posts