Your Image Description Your Image Description

ഡല്‍ഹി: പ്രമുഖ എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സഹസ്ഥാപകനായ ബൈജു രവീന്ദ്രന്‍ കമ്പനിയുടെ മുന്‍ ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രൊഫഷണല്‍ (ആര്‍പി), അമേരിക്കന്‍ വായ്പാദാതാക്കളെ പ്രതിനിധീകരിക്കുന്ന ട്രസ്റ്റി, കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഇവൈയിലെ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കി. ബൈജൂസിന്റെ വായ്പാദാതാവായ ഗ്ലാസ് ട്രസ്റ്റ്, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈ, മുന്‍ റെസല്യൂഷന്‍ പ്രൊഫഷണലായ പങ്കജ് ശ്രീവാസ്തവ എന്നിവര്‍ നടത്തിയ ഗൂഢാലോചനയെയും വഞ്ചനയെയും കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബൈജു പരാതി നല്‍കിയത്. തന്റെ നിരപരാധിത്വം ആവര്‍ത്തിച്ച് വ്യക്തമാക്കിയ ബൈജു, താന്‍ ശക്തമായി തിരിച്ചുവരുമെന്ന് എഫ്‌ഐആര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ശേഷം വ്യക്തമാക്കി. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ ഹിറ്റ് ഡയലോഗ് ഞാന്‍ വെറും ഫ്‌ലവറല്ല, ഫയര്‍’ ആണെന്ന് കുറിച്ചാണ് താന്‍ ശക്തമായ തിരിച്ച് വരവ് നടത്തുനെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നത്

പങ്കജ്, ഗ്ലാസ് ട്രസ്റ്റിന്റെ ഏജന്റുമാരായ ഇവൈയിലെ ദിനകര്‍, രാഹുല്‍, ലോകേഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് ബൈജൂസിന്റെ പരാതിയില്‍ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐആര്‍പി പങ്കജ് ശ്രീവാസ്തവ തന്റെ ചുമതലകള്‍ ശരിയായി നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു. ശ്രീവാസ്തവ, ദിങ്കര്‍ വെങ്കട സുബ്രഹ്‌മണ്യന്‍, രാഹുല്‍ അഗര്‍വാള്‍, ലോകേഷ് ഗുപ്ത എന്നീ വ്യക്തികള്‍ക്കൊപ്പം ഗ്ലാസ് ട്രസ്റ്റും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയില്‍ ആരോപിക്കപ്പെടുന്നു. ഈ തെറ്റായ വിവരണം ബൈജൂസിന്റെ ഓഹരി ഉടമകള്‍ക്ക് ഗണ്യമായ നഷ്ടമുണ്ടാക്കി. ശ്രീവാസ്തവയും കൂട്ടാളികളും വ്യക്തിപരമായ നേട്ടത്തിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. കൂടാതെ, ബൈജൂസിന്റെ തകര്‍ച്ച ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവാത്തതിനും വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ തടസ്സപ്പെടുത്തിയതിനും കാരണമായെന്നുമാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts