Your Image Description Your Image Description

നടി അഹാനാ കൃഷ്ണ അമ്മ സിന്ധു കൃഷ്ണകുമാറും സഹോദരിമാരായ ഹന്‍സിക കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവരോടൊപ്പം നടത്തിയ ജപ്പാന്‍ യാത്രയുടെ വ്‌ളോഗ് പുറത്തുവിട്ടിരിക്കുകയാണ് നടി. ജപ്പാനിലെ ചെറി ബ്ലോസം കാണാന്‍ കൊതിച്ച് രാജ്യത്തെത്തിയ അഹാനയും കുടുംബവും ടോക്കിയോ, കനസാവ, ക്യോട്ടോ, ഒസാക്ക എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. യാത്രയിലൂടനീളം മനോഹരമായ കാഴ്ചകള്‍ പങ്കുവെച്ച നടി പുതിയ സ്ഥലത്തെ ഭക്ഷണങ്ങളും രുചിച്ചു നോക്കാന്‍ മറന്നില്ല.

ചീസ് കേക്ക്, സ്‌ട്രോബറി ഷോട്ട് കേക്ക്, ഫ്യൂജി ആപ്പിള്‍, സ്‌ട്രോബറികള്‍ എന്നിവയെല്ലാം വ്‌ളോഗിലുണ്ട്. ഭക്ഷണശാലകളില്‍ കയറി ഭാഷ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയാണ്‌ അഹാന ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എന്താണെന്ന് പോലും മനസ്സിലാകാതെയാണ് കൊണ്ടുവരാന്‍ പറഞ്ഞതെന്നെല്ലാം താരം വീഡിയോയില്‍ പറയുന്നുണ്ട്.

ചിക്കന്‍ കാട്‌സുബോള്‍, വാനില ഐസ്‌ക്രീം, കനസാവയില്‍നിന്ന് ക്യൂട്ടോയിലെത്തുമ്പോള്‍ അച്ചാറിട്ട കക്കരി, ഒകൂനിമിയാക്കി, കുമോ സാക്കുറ മൂസ് ഡെസേട്ട് തുടങ്ങിയ പുതിയ വിഭവങ്ങളും അഹാനയും സംഘവും പരീക്ഷിക്കുന്നുണ്ട്. അവര്‍ സന്ദര്‍ശിച്ച പല ഭക്ഷണശാലകളിലും നല്ല സഹകരണമായിരുന്നെന്നും ഒരു കടയിലെ ഭക്ഷണം നല്ലതാണെന്ന് അഭിപ്രായപ്പെടുമ്പോള്‍ തൊട്ടപ്പുറത്തെ റസ്‌റ്റോറന്റിലെ ആളുകളും ഹാപ്പിയാണെന്നും അവര്‍ നന്ദി പറഞ്ഞെന്നും കൗതുകത്തോടെ അഹാനയും അമ്മ സിന്ധു കൃഷ്ണകുമാറും പറയുന്നു.

ജപ്പാന്‍കാരുടെ പരമ്പരാഗത വസ്ത്രമായ കിമോണോ ധരിച്ചശേഷം ജാപ്പനീസ് സംസ്‌കാരത്തിലെ പ്രധാനഘടകമായ ടീ സെറിമണിയും അഹാനയും കുടുംബവും പരീക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. 9-ാം നൂറ്റാണ്ട് മുതല്‍ ബുദ്ധമത വിശ്വാസികള്‍ ചെയ്ത് തുടങ്ങിയ ടീ സെറിമണി ഇപ്പോഴും തുടരുന്നതായി അഹാന പറയുന്നു.

ടീ സെറിമണിക്കായി പ്രത്യേക ടീ റൂം ഉണ്ട്. അവിടെ ഒരു ടീ മാസ്റ്ററുമുണ്ട്. ടീ സെറിമണിയുടെ ഭാഗമായി ആദ്യം മധുരം കഴിക്കുന്നു. പിന്നീട് ടീ ഉണ്ടാക്കുന്നു. ലാളിത്യം, ബഹുമാനം, സൗഹാര്‍ദം തുടങ്ങിയ കാര്യങ്ങളാണ് ഈ ചടങ്ങുകൊണ്ട് സൂചിപ്പിക്കുന്നതെന്ന് അഹാന പറയുന്നു.

മാച്ചാ ടീ ആണ് തങ്ങള്‍ തയ്യാറാക്കിയത്. തിളച്ച വെള്ളമൊഴിച്ച് പൊടി നന്നായി കലര്‍ത്തുന്നു. ശേഷം അത് കുടിക്കുന്നു. എല്ലാവരും അത് രസിച്ച് കുടിച്ച് കപ്പ് താഴെ വെക്കുന്നതോടുകൂടി ടീ സെറിമണി അവസാനിക്കുമെന്നും അഹാന പറയുന്നു. ഡബിള്‍ ചീസ് ബര്‍ഗറും കൊറിയന്‍ റെസ്റ്റോറന്റില്‍ നിന്ന് ബിബിംബാപ് എന്ന വിഭവവും അഹാന കഴിക്കുന്നതും വീഡിയോയിലുണ്ട്‌. നീണ്ട ക്യൂവില്‍നിന്ന് വാങ്ങിയ കേക്കിന്റെ കവര്‍ പൊട്ടിച്ച് നടുറോഡില്‍നിന്ന്‌ കൊതിയോടെ അഹാന അത്‌ കഴിക്കുന്ന രസകരമായ ദൃശ്യങ്ങളും വ്‌ളോഗില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts