Your Image Description Your Image Description

ചേലാ കർമ്മത്തിന് വിധേയരായ 23 കോടി സ്ത്രീകൾ ലോകത്തിന്റെ വിവിഘ ഭാ​ഗങ്ങളിലായി ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്. കടുത്ത മാനസിക-ശാരീരിക ആരോ​ഗ്യ പ്രശ്നങ്ങളാണ് ലിം​ഗഛേദം ചെയ്യപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്നതെന്നും ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ആർത്തവസംബന്ധമായ പ്രശ്നങ്ങൾ മുതൽ ലൈം​ഗിക വേഴ്ച്ചയിൽ ഏർപ്പെടുമ്പോഴുള്ള അസഹ്യമായ വേദന വരെ ഇക്കൂട്ടർ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകാരോ​ഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ഹ്യൂമൻ റീപ്രൊഡക്ഷൻ പ്രോ​ഗ്രാമും ചേർന്ന് നടത്തിയ പഠനത്തിലാണ് ചേലാ കർമ്മത്തിന് വിധേയരായ സ്ത്രീകളുടെ നരകയാതനകളെ കുറിച്ച് വ്യക്തമാക്കുന്നത്. ആർത്തവസംബന്ധമായ പ്രശ്നങ്ങൾ, മൂത്രാശയരോ​ഗങ്ങൾ, വേദനാജനകമായ ലൈം​ഗികബന്ധം, വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ ഇക്കൂട്ടർ അനുഭവിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബിഎംസി പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുപ്പതോളം രാജ്യങ്ങളിൽനിന്ന് ശേഖരിച്ച എഴുപത്തിയഞ്ചോളം പഠനങ്ങളെ ആധാരമാക്കിയാണ് വിലയിരുത്തലിലെത്തിയത്. എഫ്ജിഎം( female genital mutilation) എന്നറിയപ്പെടുന്ന ചേലാകർമത്തിന് വിധേയരാകുന്ന പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ നിരവധിയാണെന്ന് പഠനത്തിൽ കണ്ടെത്തി.

വൈദ്യശാസ്ത്രസംബന്ധമായ കാരണങ്ങളില്ലാതെ സ്ത്രീയുടെ ബാഹ്യ ജനനേന്ദ്രിയഭാ​ഗം ഭാ​ഗികമായോ പൂർണമായോ നീക്കംചെയ്യുന്ന പ്രക്രിയയാണ് എഫ്ജിഎം. ഇത് മനുഷ്യാവകാശ ലംഘനം ആണെന്ന് മാത്രമല്ല, ആജീവനാന്തം വേദനയും ആഘാതവും പകരുന്ന അവസ്ഥയാണെന്നും ആ​ഗോളതലത്തിൽ 23 കോടി സ്ത്രീകൾ ഇതുസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. എഫ്ജിഎമ്മിന്റെ പ്രത്യാഘാതങ്ങളേക്കുറിച്ച് കുടുംബങ്ങൾക്ക് അവബോധം പകരേണ്ടതും ലിം​ഗഛേദത്തിനുശേഷം ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് പിന്തുണ നൽകേണ്ടതും പ്രധാനമാണെന്ന് ലോകാരോ​ഗ്യ സംഘടനയുടെ സെക്ഷ്യൽ&റീപ്രൊഡക്റ്റീവ് ഹെൽത്ത്& റിസർച്ച് വിഭാ​ഗം ഡയറക്ടറായ ഡോ. പാസ്കെയ്ൽ അല്ലോട്ടി പറഞ്ഞു.

ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള മുപ്പതോളം രാജ്യങ്ങളിൽ ലിം​ഗഛേദം സാധാരണമായി നടന്നുവരുന്നുണ്ട്. സാംസ്കാരിക സംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലയിടങ്ങളിലും ഇന്നും ഈ രീതി അനുവർത്തിച്ചുവരുന്നത്. എന്നാൽ യഥാർഥത്തിൽ ഇതിലൂടെ കടന്നുപോയ പെൺകുട്ടികൾ ആജീവനാന്തം ആരോ​ഗ്യപ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരികയാണെന്ന് പഠനത്തിൽ പറയുന്നു.

പ്രസവസംബന്ധമായ സങ്കീർണതകളും ഇക്കൂട്ടരിൽ വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. അണുബാധകളും മറ്റും അടിക്കടി വരികയും സാധാരണക്കാരെ അപേക്ഷിച്ച് വിഷാദം, ഉത്കണ്ഠ എന്നിവ വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്നും പഠനത്തിലുണ്ട്.

നവജാതശിശുക്കൾ മുതൽ പതിനഞ്ചു വയസ്സ് പ്രായമുള്ളവരിലാണ് എഫ്ജിഎം ചെയ്തുവരുന്നത്. ഈ പ്രക്രിയ സുരക്ഷിതമാണെന്ന വിശ്വാസത്തിൽ ആരോ​ഗ്യപ്രവർത്തകർ ചെയ്തുകൊടുക്കാൻ തയ്യാറാകുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് എഫ്ജിഎം എന്നും ലോകാരോ​ഗ്യ സംഘടന അടിവരയിടുന്നു. സ്ത്രീകൾക്ക് നേരെയുള്ള വിവേചനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഒരു വ്യക്തിയുടെ ആരോ​ഗ്യം, സുരക്ഷിതത്വം, ക്രൂരതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചനം നേടാനുള്ള അവകാശം തുടങ്ങിയവയുടെ ലംഘനമാണെന്നും ലോകാരോ​ഗ്യസം​ഘടന വ്യക്തമാക്കി.

ഒരുതരത്തിലുള്ള എഫ്ജിഎം പ്രക്രിയയും സുരക്ഷിതമല്ലെന്നും എല്ലാവിധവും ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടന പറയുന്നുണ്ട്. എഫ്ജിഎം പ്രക്രിയയുടെ ഉടനടിയുള്ള ആരോ​ഗ്യപ്രശ്നങ്ങളും കാലങ്ങളോളം നീണ്ടുനിൽക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളും ലോകാരോ​ഗ്യസംഘടന എടുത്തുപറയുന്നുണ്ട്.

എഫ്ജിഎമ്മിന്റെ ഉടനടിയുള്ള സങ്കീർണതകൾ

കടുത്ത വേദന
അമിത രക്തസ്രാവം
പനി
അണുബാധകൾ
മൂത്രാശയസംബന്ധമായ പ്രശ്നങ്ങൾ
മുറിവുണങ്ങാൻ കാലതാമസം
ആഘാതം
മരണം
നീണ്ടുനിൽക്കുന്ന സങ്കീർണതകൾ

മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രാശയ അണുബാധ
വജൈനൽ ഡ‍ിസ്ചാർജ്, ബാക്ടീരിയൽ വജൈനോസിസ്
ജനനേന്ദ്രിയഭാ​ഗത്ത് ചൊറിച്ചിൽ
വേദനാജനകമായ ആർത്തവം, ആർത്തവരക്തം പുറംതള്ളുന്നതിൽ പ്രയാസം
ലൈം​ഗികബന്ധത്തിനിടെയുള്ള വേദന
പ്രസവസംബന്ധമായ സങ്കീർണതകൾ
പിൽക്കാലത്ത് ചെയ്യേണ്ടിവരുന്ന സർജറികൾ
മാനസികാരോ​ഗ്യപ്രശ്നങ്ങൾ(വിഷാദം, ഉത്ണ്ഠ, ആത്മവിശ്വാസക്കുറവ്, പിടിഎസ്ഡി)
ചേലാകർമ്മത്തിന് ഇരയാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം വർധിച്ച് വരികയാണെന്ന് യൂണിസെഫ് കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ത്രീകളിലെ ചേലാകർമ്മം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എങ്കിലും ഈ ആചാരം ഇപ്പോഴും നിർഭയമായി തുടരുന്നുണ്ടെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

2016-നെ അപേക്ഷിച്ച്, ‘പരിച്ഛേദന’യ്‌ക്ക് വിധേയരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം കഴിഞ്ഞ എട്ട് വർഷത്തിനിടെ മൂന്ന് കോടി വർദ്ധിച്ചു എന്നാണ് കഴിഞ്ഞ വർഷം യൂണിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അതായത് ഏകദേശം 15 ശതമാനമാണ് ഇക്കാലയളവിലെ വർദ്ധനവ്.

ലോകത്തിലെ 92-ലധികം രാജ്യങ്ങളിൽ ഈ രീതി തുടരുന്നു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 14.4 കോടിയിലധികം കേസുകളുള്ള ആഫ്രിക്കൻ രാജ്യങ്ങളാണ് ഇതിൽ മുന്നിൽ ഏഷ്യയിൽ എട്ട് കോടി കേസുകളും മിഡിൽ ഈസ്റ്റിൽ 6 ദശലക്ഷത്തിലധികം കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ചേലാകർമ്മ സമയത്ത് പെൺകുട്ടികൾക്ക് വൈദ്യസഹായം പോലും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീ ലൈംഗിക അവയവത്തിന്റെ ഘടനയിൽ മാറ്റം വരുത്തൽ (ഫീമെയിൽ ജെനിറ്റൽ മ്യൂട്ടിലേഷൻ) എന്നാണ് ഐക്യരാഷ്ട്ര സഭ ചേലാകർമ്മത്തിനു നൽകിയ പേര്. സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് 2030-ഓടെ തുടച്ചു നീക്കുമെന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എൻ.എഫ്.പി.എയും, യു.എൻ.ഐ.സി.ഇ.എഫും (UNFPA-UNICEF) സംയുക്തമായി ആഗോളതലത്തിൽ ചേലാകർമ്മം ഇല്ലാതാക്കാനുള്ള പ്രചാരണം നടത്തുന്നുണ്ട്.

അടുത്തകാലത്തായി ഏറെ വിവാദങ്ങൾക്കും, തുടർന്നുള്ള പഠനങ്ങൾക്കും വിധേയമായ ഒരു ആചാരമാണ് സ്ത്രീകളിലെ ചേലാകർമ്മം (ഫീമെയിൽ ജെനിറ്റൽ മൂട്ടിലേഷൻ). ചേലാകർമ്മം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലും കേരളത്തിലും ചേലാകർമ്മം വ്യാപകമായി നടന്നിരുന്നു.

സ്ത്രീകളിൽ ചേലാകർമ്മം

സ്ത്രീ ലൈംഗിക അവയവത്തിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതാണ് ചേലാകർമ്മം. ആരോഗ്യപരമായ കരണങ്ങളാലല്ലാതെ, സ്ത്രീയുടെ ലൈംഗിക അവയവം ഭാഗികമായോ, പൂർണ്ണമായോ മുറിച്ചു മാറ്റുന്നതിനെയോ, മുറിവേൽപ്പിക്കുകയോ ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്ന് വിളിക്കുന്നത്. സ്ത്രീ ലൈംഗിക അവയവത്തിലെ ക്ലിറ്റോറിയസ്, ഗുഹ്യഭാഗത്തെ തൊലി മുറിച്ചു കളയുന്നതിലൂടെ ലൈംഗിക വികാരം കുറയുമെന്നാണ് ഇവരുടെ വാദം. സ്ത്രീകളുടെ ലൈംഗിക അവയവം ശുചിയാക്കാനാണെന്നാണ് മറ്റൊരു വാദം.

എങ്ങനെ?

പ്രായമായ സ്ത്രീകൾ കത്തി, ബ്ലേഡ്, ഉളി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ചേലാകർമ്മം ചെയ്തു കൊടുക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനമായത് കൊണ്ട് ആശുപത്രികളിൽ ഇത് ചെയ്യില്ല. മുസ്ലിം സ്ത്രീകൾക്കിടയിൽ മാത്രമല്ല, ക്രിസ്ത്യൻ, ജൂത മതങ്ങളിൽപ്പെട്ട സ്ത്രീകൾക്കിടയിലും ചേലാകർമ്മം നടക്കുന്നതായും പറയപ്പെടുന്നു. മാതാപിതാക്കൾ മുൻകൈയെടുത്താണ് പലപ്പോഴും ചേലാകർമ്മം നടത്താറുള്ളത്. ഇസ്ലാം മതത്തിൽ ചേലാകർമ്മം ചെയ്യാൻ നിർബന്ധിക്കുന്നുണ്ടോ ഇല്ലയോ എന്ന ചർച്ചയിൽ ഇപ്പോഴും സംവാദങ്ങൾ തുടരുകയാണ്.

തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ

ചേലാകർമ്മത്തിനു വിധേരായ പെൺകുട്ടികളിൽ മാസമുറ താളം തെറ്റുക, ലൈംഗികാവയവത്തിനു കഠിനമായ വേദന, അമിത രക്തസ്രാവം, ഗർഭധാരണത്തിൽ പ്രശ്‌നങ്ങൾ, മൂത്രമൊഴിക്കുമ്പോൾ വേദന, അണുബാധ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുവരുന്നു. മനസികാരോഗ്യം അവതാളത്തിലാകുന്ന ഗുരുതര പ്രശ്‌നത്തിനും ഇടയാക്കും. ആർത്തവരക്തം പോകാനും, മൂത്രമൊഴിക്കാനും മാത്രമായി ചെറിയ ഒരു ദ്വാരം മാത്രമാണ് ചേലാകർമ്മത്തിനു ശേഷം ഉണ്ടാവുക. രണ്ടു വശത്തെ തൊലികൾ ചേർത്ത് ദ്വാരത്തിന്റെ ബാക്കി ഭാഗം തുന്നികെട്ടുന്ന രീതി ചിലയിടങ്ങളിലുണ്ട്. കല്യാണം കഴിഞ്ഞ ശേഷം മാത്രമേ തുന്നിക്കെട്ട് അഴിക്കുകയുള്ളു. സ്വയംഭോഗം ചെയ്യാതിരിക്കാനും, വിവാഹത്തിന് മുൻപുള്ള ലൈംഗിക ബന്ധങ്ങളിൽ നിന്ന് സ്ത്രീകളെ തടയാനുമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts