Your Image Description Your Image Description

ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാന കായികവകുപ്പ് അനുവദിച്ച 5.25 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. 109 മീറ്റർ നീളവും 69 മീറ്റർ വീതിയുമുള്ള ഗ്രൗണ്ടിൽ ആധുനിക സംവിധാനങ്ങളാണ് ഒരുങ്ങുന്നത്.

പ്രഭാതസവാരിക്കായി പൊതുജനങ്ങൾക്ക് പ്രയോജനപ്രദമാകുന്ന വാക്ക്-വേയും ഒരുങ്ങുന്നുണ്ട്. ഏറെ വർഷങ്ങളായി ശോച്യാവസ്ഥയിലായിരുന്ന സ്‌റ്റേഡിയം നവീകരിക്കുന്നതിലൂടെ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു.

കാലാവസ്ഥ വെല്ലുവിളിയാണെങ്കിലും പരമാവധി വേഗത്തിൽ പണികൾ പൂർത്തീകരിച്ച് സ്റ്റേഡിയം തുറന്നുകൊടുക്കുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ. പറഞ്ഞു.

ദേശീയതല ടൂർണമെന്റുകൾക്ക്് അനുയോജ്യമായ എൽ.ഇ.ഡി. ഫ്ളഡ്ലിറ്റ് സ്ഥാപിക്കൽ, ഫെൻസിങ്, കേർബ് പണികൾ എന്നിവ പൂർത്തീകരിച്ചു. ഇറക്കുമതി ചെയ്ത ബർമൂഡ ഗ്രാസാണ് ഗ്രൗണ്ടിലുപയോഗിക്കുന്നത്. നിലവിൽ അത് ഗ്രൗണ്ടിൽ വെച്ചുപിടിപ്പിക്കുന്നതിന്റെ പണികൾ പൂർത്തീകരിച്ചു വരികയാണ്. ഗ്രൗണ്ട് പരിപാലനത്തിനായി സ്പ്രിംക്ലർ സംവിധാനവും ദിവസേന 20,000 ലിറ്റർ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനായി അണ്ടർഗ്രൗണ്ട് വാട്ടർ ടാങ്കും പമ്പ് റൂമും ഒരുക്കിയിട്ടുണ്ട്.

77500 ചതുരശ്ര അടി വിസ്തീർണമുള്ള ഫുട്ബോൾ ഗ്രൗണ്ടിനു പുറമേ മഡ് വോളിബോൾ കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസ് പിച്ച്, എയർ കണ്ടീഷൻഡ് ഇൻഡോർ ജിം എന്നീ സൗകര്യങ്ങളുമൊരുങ്ങുന്നുണ്ട്. ഒരേസമയം രണ്ടായിരത്തിൽപ്പരം കാണികളെ ഉൾക്കൊള്ളിക്കാവുന്ന ഗാലറിയുടെ ടെൻസൈൽ റൂഫിംഗിന്റെ പണികൾ പുരോഗമിക്കുന്നു. വസ്ത്രം മാറുന്നതിനുള്ള മുറിയും സ്ത്രീകൾക്കും പുരുഷന്മാർക്കും ടോയ്ലറ്റ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ അവസാനത്തോടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു.

Related Posts