Your Image Description Your Image Description

മുംബൈ: ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ആദരമൊരുക്കി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡിന് രോഹിത് ശര്‍മയുടെ പേര് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. രോഹിത്തിന് പുറമെ അജിത് വ‍ഡേക്കറുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ശരദ് പവാറിന്റെയും പേരുകൾ സ്റ്റേഡിയത്തിലെ രണ്ട് സ്റ്റാന്‍ഡുകൾക്ക് നല്‍കും. വാങ്കഡെയിലെ ലെവല്‍ 3ലെ ദിവേച്ച പവലിയനാണ് ഇനി മുതല്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് എന്നറിയപ്പെടുകയെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ലെവല്‍ 3ലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് ശരദ് പവാറിന്‍റെ പേരിലും ലെവല്‍ 4 സ്റ്റാന്‍ഡ് അജിത് വഡേക്കറുടെ പേരിലും അറിയപ്പെടും. മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ക്കുള്ള വിഹിതം 75 കോടിയായി ഉയര്‍ത്തിയതിനൊപ്പം ഭാവിയില്‍ ഇത് 100 കോടിയായി വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചതായാണ് വിവരം. നിലവില്‍ വാങ്കഡെയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍, വിജയ് മര്‍ച്ചന്‍റ്, ദീലീപ് വെങ്സര്‍ക്കാര്‍ എന്നിവരുടെ പേരില്‍ സ്റ്റാന്‍ഡുകളുണ്ട്. കഴിഞ്ഞ വര്‍ഷം രോഹിത്തിന് കീഴില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ഈ വര്‍ഷം ചാമ്പ്യൻസ് ട്രോഫിയും നേടി ഡബിള്‍ തികച്ചിരുന്നു.

2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാനും രോഹിത്തിന് സാധിച്ചിരുന്നു. വാങ്കഡെയിലും രോഹിത്തിന് മികച്ച റെക്കോര്‍ഡാണുള്ളത്. വാങ്കഡെയില്‍ കളിച്ച 11 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും അടക്കം 402 റണ്‍സടിച്ച രോഹിത്, വാങ്കഡെയില്‍ കളിച്ച ടി20 മത്സരങ്ങളില്‍ ഒരു സെഞ്ച്വറി അടക്കം 2543 റണ്‍സും സ്വന്തമാക്കി. ടി20 ലോകകപ്പിലെ കിരീടനേട്ടത്തിന് ശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത്തിന് ഇത്തവണ ഐപിഎല്ലിലും കാര്യമായി തിളങ്ങാനായിട്ടില്ല. ഈ സീസണില്‍ കളിച്ച അഞ്ച് കളികളില്‍ 56 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. മുംബൈക്കായി അഞ്ച് ഐപിഎല്‍ കീരീടങ്ങള്‍ നേടിയ നായകന്‍ കൂടിയാണ് രോഹിത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts