Your Image Description Your Image Description

ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് മഹാഭാഗ്യം എന്നാണ് കരുതുന്നത്. പ്രത്യേകിച്ച് മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവ നാളുകളിൽ. കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ ഈ ക്ഷേത്രം പൂജാവിധികളിലും അനുഷ്ഠാനങ്ങളിലും വളരെയധികം പ്രത്യേകത നിറഞ്ഞതാണ്. ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് കൊട്ടിയൂർ വൈശാഖോത്സവം നടക്കുന്നത്. മഹാദേവ സാന്നിധ്യം നിറഞ്ഞ ഈ മണ്ണിൽ ദർശനം നടത്താൻ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്.

പുണ്യ നദിയായ ബാവലിപ്പുഴയുടെ അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഴയുടെ തെക്കു ഭാഗത്തുള്ള ഇക്കരെ കൊട്ടിയൂരിലാണ് സ്ഥിരം ക്ഷേത്രം. വടക്കുഭാഗത്തുള്ള അക്കരെ കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവ സമയത്തു ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല. അക്കരെ കൊട്ടിയൂരാണ് മൂലക്ഷേത്രം. ഇവിടെ ജലാശയത്തിന് നടുവിൽ സ്വയം ഭൂവായി മണിത്തറയിൽ മഹാദേവനും ശക്തിചൈതന്യമായ പാർവതീദേവി അമ്മാറക്കൽത്തറയിലും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവ സമയത്ത് മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെ കൊട്ടിയൂരിലാണ് ഭഗവാന്റെ സാന്നിധ്യം. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല.

ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. കൊട്ടിയൂരിന്റെ ഐതീഹ്യം തന്നെ ഇങ്ങനെയാണ്. സതീദേവിയുടെ പിതാവായ ദക്ഷൻ ഭഗവാൻ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സർവൈശ്വര്യം നേടാൻ യാഗം നടത്തി. ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ വിഷമിച്ച് യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞ ഭഗവാൻ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും ജനിച്ച വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്‌മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു.

ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനർജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു. ഭഗവാൻ സ്വയംഭൂവായി കുടികൊള്ളുന്ന സ്ഥലത്തിന് മണിത്തറയെന്ന് പേര്. ഭഗവൽ പത്‌നിയും ദക്ഷപ്രജാപതിയുടെ പുത്രിയുമായ സതീ ദേവി പിതാവിൽ നിന്നുണ്ടായ അവഹേളനം സഹിക്കാതെ യാഗാഗ്‌നിയിൽ ആത്‌മാഹുതി ചെയ്ത സ്ഥാനത്തെ അമ്മാറക്കൽ തറയെന്നും വിളിക്കും. ഇവയെ ചുറ്റിയുള്ള പ്രദക്ഷിണ വഴിക്ക് പേര് തിരുവൻചിറ. രുധിരമൊഴുകിയ ചാലാണ് പിന്നീട് തിരുവൻചിറയായി പരിണമിച്ചത് എന്നുമാണ് പറയപ്പെടുന്നത്. കൊട്ടിയൂരിലെ വൈശാഖോത്സവം മഴക്കാലത്തായിരിക്കും. പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം എന്ന ആചാരപരമായ നിബന്ധനയുള്ള ഏക ക്ഷേത്രവും ഇതു മാത്രമാണ്.

നിത്യപൂജകൾ എന്ന് വിളിക്കപ്പെടുകയെന്നതിനേക്കാൾ യാഗമെന്ന് വിളിക്കപ്പെടുന്നതാണ് ഇവിടുത്തെ ആചാരങ്ങളും കർമങ്ങളുമെല്ലാം. പരശുരാമനും ശങ്കരാചാര്യരും വ്യത്യസ്ത ഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ ഉത്സവ ചടങ്ങുകൾക്ക് പ്രധാനമായും ഏഴ് അംഗങ്ങളും നാല് ഉപാംഗങ്ങളുമാണുള്ളത്. കൂടാതെ ചില സവിശേഷ ചടങ്ങുകളുമുണ്ട്. പ്രക്കൂഴം, നീരെഴുന്നെള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നെള്ളത്ത്, ഇളനീരാട്ടം, കലം വരവ്, കലശാട്ടം എന്നിവയാണ് അംഗങ്ങൾ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാളുകളിൽ വിശേഷ പൂജകളോടു കൂടിയ ആരാധനകളാണ് നടക്കുന്നത്. ഈ ആരാധനകളാണ് അറിയപ്പെടുന്നത് ഉപാംഗങ്ങൾ എന്നറിയപ്പെടുന്നത്. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നെള്ളത്തിനു മുമ്പും മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്‌ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ദർശനം കഴിഞ്ഞു മടങ്ങുന്നവരുടെ കൈയിൽ ഉണ്ടാകുന്ന ഒന്നാണ് ഓടപ്പൂവ്. ഇവിടുത്തെ പ്രധാന പ്രസാദമാണ് ഇത്. ഓടപ്പൂവിനും ചില ഐഹീത്യമുണ്ട്. ദക്ഷയാഗവേളയിൽ വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്‌. ദീക്ഷ വീരഭദ്രൻ കാറ്റിൽ പറത്തി. ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കൾ തൂക്കിയിടുന്നത് സർവ്വൈശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ഓടപ്പൂവിന്റെ നിർമാണം ഏറെ അധ്വാനമുള്ള ജോലിയാണ്. മുളയാണ് ഇതിന്റെ അടിസ്ഥാനം. ഓട വെള്ളത്തിലിട്ടശേഷം എടുത്ത് ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനു മഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ് ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് നൽകുന്നതിനായി സൂക്ഷിക്കുന്നത്.

ദിവസങ്ങളുടെ അധ്വാനം വേണം ഓടപ്പൂവ് നിർമിക്കാൻ. ഒരുകാലത്ത് പരക്കെയുണ്ടായിരുന്ന ഓടക്കാടുകൾ കൊട്ടിയൂരിൽനിന്ന് അപ്രത്യക്ഷമായി ക്കഴിഞ്ഞു. കൊട്ടിയൂർ ഭഗവാനെ ആദിവാസികൾ വിളിക്കുന്നത് തന്നെ ഓടക്കാടച്ഛൻ എന്നാണ്. ദക്ഷയാഗത്തിനു നേതൃത്വം നൽകിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടി രോമങ്ങളാണ് ഓടപ്പൂവ് എന്നും കരുതുന്നുണ്ട്. ശിവഭൂതങ്ങളുടെ തലവൻ വീരഭദ്രനും സംഘവും യാഗം തകർക്കാൻ എത്തിയപ്പോൾ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടിരോമങ്ങൾ പിഴുതെറിഞ്ഞ താണ് ഓടപ്പൂവായി മാറിയതെന്നു കരുതപ്പെടുന്നു. കൊട്ടിയൂരിൽ വൈശാഖ ഉൽസവത്തിന് എത്തുന്ന ഭക്തർക്ക് ഓടപ്പൂവ് ഒരു കൗതുകവും കൊട്ടിയൂരിന്റെ മാത്രം പ്രത്യേകതയും മാത്രമല്ല, അടുത്തവർഷം വൈശാഖമാസം വരെയുള്ള ഐശ്വര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.

വൈശാഖോത്സവം ഈ മാസം എട്ടുമുതല്‍ ജൂലായ് നാലുവരെയാണ്. ഈ വർഷവും 30 ലക്ഷത്തോളം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നതായി കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റി എന്‍. പ്രശാന്ത് പറഞ്ഞു. 2000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് കുടിവെള്ളവിതരണ സംവിധാനവും അക്കരെ കൊട്ടിയൂരില്‍ ദര്‍ശനസ്ഥലങ്ങളില്‍ ചൂടുവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. താമസസൗകര്യത്തിന് ‘കൈലാസം’, ‘ഗംഗ’, ‘മഹാദേവ’ എന്നീ വിശ്രമകേന്ദ്രങ്ങളും ടൂറിസം വകുപ്പിന്റെ ഡോര്‍മിറ്ററിയും തുറന്നു കൊടുക്കും. ഉത്സവനഗരിയിലും ഒരുകിലോമീറ്റര്‍ ചുറ്റളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി 400-ഓളം താത്കാലിക വൊളന്റിയര്‍മാരുടെയും 50-ഓളം വിമുക്തഭടന്മാരുടെയും സേവനം ഉറപ്പാക്കും.

തിരക്ക് നിയന്ത്രിക്കുന്നതിന് മൂന്ന് ഭാഗങ്ങളിലായി പ്രസാദവിതരണം നടത്തും. അന്നദാനം, ശൗചാലയങ്ങളുടെ സൗകര്യം, മാലിന്യനീക്കത്തിനായി സ്ഥിരം ഷെഡ്, മെഡിക്കല്‍ സൗകര്യം, പ്രസാദ കൗണ്ടറുകള്‍, അടിയന്തര സംവിധാനങ്ങള്‍ തുടങ്ങി മറ്റ് സൗകര്യങ്ങളും ഉത്സവത്തിന്റെ ഭാഗമായി സജ്ജമാക്കിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി ഇരിട്ടി, പേരാവൂര്‍, അമ്പായത്തോട് വരെയുളള ഓട്ടോ പാര്‍ക്കിങ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. റോഡ് മാർഗം തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും എത്താം. ട്രെയിനിന് എത്തുന്നവർക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ആണ് ഇറങ്ങേണ്ടത്. വിമാനത്താവളം വഴി എത്തുന്നവർക്കും കണ്ണൂരിൽ നിന്നും കൊട്ടിയൂരിലേക്ക് പോകാം.

വിശേഷ ദിവസങ്ങള്‍

രണ്ടിന് നീരെഴുന്നള്ളത്ത്, എട്ടിന് നെയ്യാട്ടം, ഒന്‍പതിന് ഭണ്ഡാരം എഴുന്നള്ളത്ത്, 15-ന് തിരുവോണം ആരാധന, 17-ന് ഇളനീര്‍ വെപ്പ്, 18-ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 20-ന് രേവതി ആരാധന, 24-ന് രോഹിണി ആരാധന, 26-ന് തിരുവാതിര ചതുശ്ശതം, 27-ന് പുണര്‍തം ചതുശ്ശതം, 28-ന് ആയില്യം ചതുശ്ശതം, 30-ന് മകം കലംവരവ്, കലംപൂജ, ജൂലായ് മൂന്നിന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, നാലിന് തൃക്കലശാട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts