Your Image Description Your Image Description

തിരുവനന്തപുരം: മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള പൊലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ) പദ്ധതി വിജയം കൈവരിച്ചതായി കേരള പോലീസ്. പദ്ധതിയിലൂടെ ഡിജിറ്റൽ ആസക്തയിൽ നിന്നും മോചിപ്പിച്ചത് 775 കുട്ടികളെ. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗം, അതേത്തുടർന്നുള്ള അപകടങ്ങൾ എന്നിവയിൽനിന്ന്‌ കുട്ടികളെ മോചിപ്പിക്കുകയാണ് ഡിജിറ്റൽ ഡി അഡിക്‌ഷൻ സെന്ററുകൾ (ഡി ഡാഡ്‌) ലക്ഷ്യമിടുന്നത്. കേരള പൊലീസിന്‍റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 2023 ജനുവരിയിലാണ് ഡിഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍) പദ്ധതി ആരംഭിച്ചത്.

സംസ്ഥാനത്താകെ ഈ പദ്ധതിയിലേക്ക് ബന്ധപ്പെട്ട 1739 പേരിൽ 775 കുട്ടികൾക്ക് പൂർണമായും ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നൽകാൻ കഴിഞ്ഞുവെന്നും ബാക്കി കുട്ടികളുടെ കൗൺസിലിങ്ങും മറ്റും നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു. ദേശീയ തലത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും പദ്ധതി ഉറപ്പാക്കുന്നുണ്ട്.

കുട്ടികളുടെ സ്വാഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് ഡിജിറ്റല്‍ അടിമത്തം കണ്ടെത്തുകയും അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ പരിഹാരം കാണുകയും ചെയ്യുന്നു. 14 മുതല്‍ 17 വരെ പ്രായക്കാരിലാണ് ഇവ കൂടുതൽ ആൺകുട്ടികളാണ് കൂടുതൽ. ആണ്‍കുട്ടികള്‍ ഗെയിമുകൾക്കും പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയക്കുമാണ് കൂടുതലും അടിമപ്പെടുന്നത്. അക്രമാസക്തരായി മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഉപദ്രവിക്കുന്ന ഘട്ടങ്ങളിലേക്കുവരെ കുട്ടികള്‍ എത്തുന്നു.

ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നിലവിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ, കൊച്ചി, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലാണ്‌ ഡി-ഡാഡ് സെന്ററുകൾ പ്രവർത്തിക്കുന്നത്. മനശാസ്ത്ര വിദഗ്ധര്‍ തയാറാക്കിയ ഇന്‍റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റ് വഴിയാണ് ഡിജിറ്റല്‍ അടിമത്തത്തിന്‍റെ തോത് കണ്ടെത്തുക. തുടര്‍ന്ന് കുട്ടികളെ ഇതിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. പദ്ധതിയില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് ‘ഡിഡാഡ്’ അവബോധവും നല്‍കുന്നുണ്ട്.

കൂടാതെ ഡിജിറ്റൽ ആസക്തിയുള്ള 18 വയസ്സുവരെയുള്ളവർക്ക് ഡി-ഡാഡ് സെന്ററുകളിൽ സൗജന്യ കൗൺസലിങ് നൽകും. രക്ഷിതാക്കൾക്ക് കുട്ടികളുമായി നേരിട്ടെത്തി പ്രശ്നപരിഹാരം തേടാം. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി കൗൺസലിങ് നൽകും. കൗൺസലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളാണെങ്കിൽ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടും. കൗൺസലിങ്ങിനായെത്തുന്ന വിദ്യാർഥികളുടെ വിവരങ്ങൾ രഹസ്യമായിരിക്കും. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ അഞ്ചുവരെ സെന്ററിലൂടെ സേവനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts