Your Image Description Your Image Description

കേന്ദ്ര ആഭ്യന്തര മന്ത്രി പദത്തിൽ റെക്കോർഡിട്ട് അമിത് ഷാ. ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രി പദത്തിലിരുന്ന മന്ത്രിയെന്ന നേട്ടമാണ് അമിത് ഷായ്ക്ക് സ്വന്തമായത്. എൽകെ അദ്വാനിയുടെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. ആഭ്യന്തര മന്ത്രി പദത്തിൽ 2256 ദിവസമാണ് എൽകെ അദ്വാനിയുടെ കാലയളവ്. ഇതേ പദവിയിൽ 2258 ദിവസം പൂർത്തിയാക്കിയാണ് അമിത് ഷാ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.

രാജ്യത്ത് അതിശക്തരായ രാഷ്ട്രീയ നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ രണ്ടാമത്തെയാൾ എന്ന വിശേഷണവും അമിത് ഷായ്ക്കുണ്ട്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 73 സീറ്റിലും ബിജെപി ജയിച്ചപ്പോൾ അവിടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച് അണിയറയിൽ ചരടുകൾ വലിച്ചത് ഗുജറാത്തിലെ മുൻ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ആയിരുന്നു.

ആഭ്യന്തര മന്ത്രി പദവിയിൽ അമിത് ഷാ അധികാരമേറ്റ ശേഷമാണ് സിഎഎ ബിൽ കൊണ്ടുവന്നത്. ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംബിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ ബില്ലുകളും പിന്നീട് കൊണ്ടുവന്നു. രാജ്യത്ത് മാവോയിസ്റ്റ് സ്വാധീനം അവസാനിപ്പിക്കാനായി സൈനിക നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് അദ്ദേഹമിപ്പോൾ. ഈ വർഷം മാത്രം രാജ്യത്ത് 90 മാവോയിസ്റ്റുകളെ വധിച്ചു. 104 പേരെ അറസ്റ്റ് ചെയ്യുകയും 164 മാവോയിസ്റ്റുകൾ കീഴടങ്ങുകയും ചെയ്തിരുന്നു.

Related Posts