Your Image Description Your Image Description

തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലപ്പത്ത് നിന്ന് വി ടി ബൽറാമിനെ മാറ്റും. ‘ബീഡിയും ബീഹാറും’ എന്ന വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് കെപിസിസി തീരുമാനം. അതേസമയം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്കെതിരെ ഡിജിറ്റൽ മീഡിയ പ്രവർത്തിച്ചു എന്ന വിമർശനവും മാറ്റത്തിന് കാരണമാണ്.

ഡോ. പി സരിൻ പാർട്ടി വിട്ടുപോയതിന് പിന്നാലെ കെപിസിസി ഉപാധ്യക്ഷനായ വിടി ബൽറാമാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല വഹിച്ചു പോന്നത്. ഔദ്യോഗിക അംഗങ്ങളിൽ പലരും നിഷ്ക്രിയരായതോടെ കേവലം അഞ്ചു പേരാണ് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവന്നത്. ഇതിനിടെയാണ് ബീഡിയുടെ ജിഎസ്ടി കുറച്ചപ്പോൾ ബീഹാർ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്തുള്ള വിവാദ പോസ്റ്റ് കോൺഗ്രസ് കേരളയുടെ പേരിൽ ഇറങ്ങിയത്. ബിഹാറിനെ ആക്ഷേപിച്ചു എന്ന വിമർശനം ദേശീയ തലത്തിൽ ബിജെപി ഉയർത്തിയതോടെ കെപിസിസി തന്നെ പ്രതിരോധത്തിലായി. ബൽറാമിനോട് വിശദീകരണം ചോദിച്ചപ്പോൾ തന്റെ അറിവോടെയല്ല പോസ്റ്റ് എന്നായിരുന്നു മറുപടി. ചുമതല ഒഴിയാൻ തയ്യാറാണെന്നും അറിയിച്ചു. ജാഗ്രതക്കുറവ് ഉണ്ടായെന്ന വിമർശനത്തോടെയാണ് ഡിഎംസി പുനഃസംഘടിപ്പിക്കുമെന്ന കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം.

Related Posts