Your Image Description Your Image Description

വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കെഎസ്ആര്‍ടിസിയുടെ പുതുപുത്തന്‍ ബസുകള്‍ നിരത്തിലേക്ക് ഇറക്കുന്നു. കെഎസ്ആര്‍ടിസിയുടെ പുതിയ143 ബസുകളുടെ ഉദ്ഘാടനം 21-ന് വൈകീട്ട് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കനകക്കുന്നില്‍ വാഹന എക്സ്പോ സംഘടിപ്പിക്കും. 22 മുതല്‍ 24 വരെയാണ് ‘ട്രാന്‍സ്പോ 2025’ എന്നപേരില്‍ വാഹന പ്രദര്‍ശനം നടക്കുക. എക്സ്പോയുടെ ഉദ്ഘാടനം 22-ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.

ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍, ഓര്‍ഡിനറി എന്നിങ്ങനെ വിവിധ സെഗ്മെന്റുകളിലായാണ് 143 ബസുകള്‍ പുതുതായി എത്തിയിരിക്കുന്നത്. ടാറ്റ, അശോക് ലെയ്ലാന്‍ഡ്, ഐഷര്‍ എന്നീ വാഹന നിര്‍മാതാക്കളുടെ ബസുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അന്തര്‍ സംസ്ഥാന പാതകളില്‍ സര്‍വീസ് നടത്തുന്നതിനായി വോള്‍വോയുടെ ആഡംബര ബസ് കൂടി ഉടന്‍ എത്തുമെന്നാണ് ഗാതാഗത വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും നിലവാരത്തിലുള്ള ബസുകള്‍ എത്തിക്കുമെന്നായിരുന്നു കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ നല്‍കിയിരുന്ന ഉറപ്പ്. ഈ വാക്ക് അദ്ദേഹം പാലിച്ചിട്ടുണ്ടെന്നാണ് പുതിയ ബസുകള്‍ തെളിയിക്കുന്നത്. ദീര്‍ഘദൂര സീറ്റര്‍ ബസുകളെ ഇന്റീരിയര്‍ ഉള്‍പ്പെടെ ആഡംബര ഒട്ടും ചോരാതെയാണ് ഒരുക്കിയിരിക്കുന്നത്.

പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരട്ട നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ് ഇതിലുള്ളത്. ഓരോ സീറ്റുകളിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയും നല്‍കുന്നുണ്ട്. ആംബിയന്റ് ലൈറ്റിങ്, ടിവി, സിസിടിവി ക്യാമറ എന്നിങ്ങനെ നീളും ഫീച്ചറുകള്‍. സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളും ആഡംബരത്തില്‍ ഒട്ടും പിന്നിലല്ല.

2+1 ലേഔട്ടിലാണ് സീറ്റുകളും ബെര്‍ത്തുകളും ഒരുങ്ങുന്നത്. വീതിയുള്ള ലെതര്‍ സീറ്റുകളാണ് ഇതിലും നല്‍കിയിരിക്കുന്നത്. സീറ്റുകള്‍ക്ക് മുകളിലായാണ് ബെര്‍ത്തുകളുള്ളത്. ഒരു വശത്ത് സിംഗിള്‍ ബെര്‍ത്തും മറുഭാഗത്ത് ഡബ്ബിള്‍ ബെര്‍ത്തുമാണ് നല്‍കുന്നത്. എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജര്‍, മൊബൈല്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക് എന്നിവയ്ക്കൊപ്പം ആംബിയന്റ് ലൈറ്റുകളും സിസിടിവി ക്യാമറയും ഫയര്‍ അലാറവും ഉള്‍പ്പെടെയുള്ള സംവിധാനവും നല്‍കുന്നുണ്ട്.

ഏറ്റവും മികച്ച സംവിധാനങ്ങളുമായാണ് സ്ലീപ്പര്‍ ബസുകള്‍ എത്തിയിരിക്കുന്നത്. രണ്ട് തട്ടുകളായി 2+1 ലേഔട്ടിലാണ് ബെര്‍ത്തുകള്‍ നല്‍കിയിരിക്കുന്നത്. ഓരോ ബെര്‍ത്തിലുമായി എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടിള്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക്, കര്‍ട്ടണുകള്‍ എന്നിവയാണ് നല്‍കുന്നത്. വുഡന്‍ പാനലിങ്ങാണ് ഇന്റീരിയറില്‍ നല്‍കിയിരിക്കുന്നത്. ലൈറ്റ് ബോര്‍ഡുകളിലാണ് ബെര്‍ത്ത് നമ്പറുകളും മറ്റും നല്‍കിയിരിക്കുന്നത്.

Related Posts