Your Image Description Your Image Description

മാരുതി സുസുക്കിയുടെ എംപിവി മോഡല്‍ ഈക്കോയുടെ 2025 മോഡല്‍ ആറ് എയര്‍ബാഗ് സുരക്ഷയുമായി വിപണിയിൽ എത്തും. 7 സീറ്റര്‍ മോഡലിന് പകരം 6 സീറ്റ് ലേ ഔട്ടിലേക്ക് മാറ്റിയിട്ടുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള ഈക്കോയുടെ 12 ലക്ഷത്തിലേറെ മോഡലുകള്‍ നിരത്തിലെത്തിയിട്ടുണ്ട്. ഒരേസമയം പാസഞ്ചര്‍ വാഹനമായും കൊമേർഷ്യൽ വാഹനമായും ഉപയോഗിക്കാനാവുമെന്നതാണ് ഈക്കോയുടെ സാധ്യതകളെ വിപുലമാക്കുന്നത്. ഈക്കോയുടെ ആംബുലന്‍സ് മോഡലും മാരുതി സുസുക്കി പുറത്തിറക്കുന്നുണ്ട്. ഈ സാധ്യതകള്‍ ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈക്കോയുടെ വില്‍പന ഉയർന്നത്.

പെട്രോളിനു പുറമേ സിഎന്‍ജി മോഡലും എത്തുന്നുണ്ട്. ആകെ ഈക്കോ വില്‍പനയില്‍ പെട്രോള്‍ വേരിയന്റിന് 57 ശതമാനവും ബാക്കി 43 ശതമാനം സിഎന്‍ജി മോഡലുമാണ്. വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുകയെന്ന മാരുതി സുസുക്കിയുടെ പൊതു നയത്തിന്റെ ഭാഗമായാണ് 2025 മോഡല്‍ ഈക്കോക്കും 6 എയര്‍ബാഗിന്റെ സുരക്ഷ ലഭിച്ചിരിക്കുന്നത്. എയര്‍ബാഗിനു പുറമേ എല്ലാ യാത്രികര്‍ക്കും ത്രീ പോയിന്റ് സീറ്റ്‌ബെല്‍റ്റുകളും ആന്റി ലോക്ക് ബ്രേക്ക്, ഇഎസ്‌സി, മുന്‍സീറ്റുകളില്‍ സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ് സംവിധാനം എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

7 സീറ്റര്‍ മോഡലിന്റെ വില്‍പന അവസാനിപ്പിച്ചുവെന്നതാണ് 2025 മോഡല്‍ മാരുതി ഈക്കോയുടെ വരവില്‍ സംഭവിച്ച മറ്റൊരു മാറ്റം. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളോടെയാണ് 6 സീറ്റ് മോഡലിന്റെ വരവ്. അതേസമയം 5 സീറ്റ് മോഡൽ മാറ്റങ്ങളില്ലാതെ തുടരുകയും ചെയ്യും. ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ദീര്‍ഘചതുരാകൃതിയിലുള്ള ഹാലോജന്‍ ഹെഡ്‌ലാംപുകളും കുത്തനെയുള്ള ടെയില്‍ ലാംപുകളും 13 ഇഞ്ച് സ്റ്റീല്‍ വീലുകളും തുടരും. ഉള്ളിലെ ഡാഷ്‌ബോര്‍ഡ് ലേ ഔട്ടിലും ത്രീ സ്‌പോക് സ്റ്റീറിങ് വീലിലും മാറ്റങ്ങളില്ല. അതേസമയം എയര്‍ബാഗുകളെ ഉള്‍ക്കൊള്ളുന്നതിനു വേണ്ടി റൂഫ് ലൈനറുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

നേരത്തെ പിവിസി സീറ്റായിരുന്നത് ഫാബ്രിക്ക് സീറ്റ് അപ്പോള്‍സ്ട്രിയായി പുതിയ ഈക്കോയില്‍ മാറ്റിയിട്ടുണ്ട്. പുറത്തേക്ക് ചരിക്കാവുന്ന മുന്‍ സീറ്റുകളും(നേരത്തെ ഉള്ളിലേക്കായിരുന്നു മടക്കാനായിരുന്നത്) മാറ്റമാണ്. 5 സീറ്റ് മോഡലിൽ ബൂട്ട് സ്‌പേസില്‍ ലഗേജിന് സ്ഥാനമാറ്റം സംഭവിക്കാതെ വെക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത് അപകടസാഹചര്യങ്ങളില്‍ യാത്രികരുടെ സുരക്ഷ കൂടുതല്‍ ഉറപ്പിക്കുന്നു.
80എച്ച്പി, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 20 ശതമാനം വരെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഇന്ധനമാക്കാവുന്ന സൗകര്യവും (ഇ20) പുതിയ ഈക്കോയില്‍ നല്‍കിയിട്ടുണ്ട്. സിഎന്‍ജി മോഡലിന് 70എച്ച്പിയാണ് കരുത്ത്. 5 സീറ്ററില്‍ മാത്രമാണ് സിഎന്‍ജി മോഡലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts