Your Image Description Your Image Description

കിടങ്ങൂരിലെ വനിതകൾക്ക് ഇനി ആരോഗ്യത്തോടെ ഫിറ്റായിരിക്കാം, കുമ്മണ്ണൂരിൽ വനിതാ ഫിറ്റ്‌നസ് സെന്റർ ആരംഭിച്ചു. കുമ്മണ്ണൂരിലെ സാംസ്‌കാരിക നിലയത്തിന് പുറകുവശം വയോജനവിശ്രമകേന്ദ്രത്തിന്റെ മുകളിലത്തെ നിലയിലാണ് ഫിറ്റ്‌നസ് സെന്റർ ആരംഭിക്കുന്നത്. പരിശീലകയെയും പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപത് ലക്ഷം രൂപ ജനറൽ പ്ലാൻ ഫണ്ട് വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം.ബിനു സെന്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടീനാ മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.

ഡംബ് ബെൽ, കെറ്റിൽ ബെൽ, വ്യായാമ സൈക്കിൾ, മെഡിസിൻ ബോൾ, ജിം ബോൾ, ബാർ ബെൽ, വെയ്റ്റ് പ്ലേറ്റ്, ജിം റോപ്പ്, സ്റ്റെപ്പർ എന്നീ ഉപകരണങ്ങളാണ് നിലവിൽ സെന്ററിലുള്ളത്.

സ്ത്രീകളുടെ കായികക്ഷമത വർധിപ്പിക്കാനും ജീവിത ശൈലി രോഗങ്ങളിൽനിന്നു മുക്തമായി ആരോഗ്യമുള്ളവരായിരിക്കുന്നതും ലക്ഷ്യമിട്ടാണ് ഫിറ്റ്‌നെസ് സെന്റർ ആരംഭിക്കുന്നത്. അപ്പാരൽ പാർക്ക്, അങ്കണവാടി,എം.സി.എഫ്., ലൈബ്രറി എന്നിവയുടെ പ്രവർത്തനത്തോടനുബന്ധിച്ച് ദിവസേന അറുപതോളം വനിതകൾ എത്തിച്ചേരുന്നിടത്ത് ഫിറ്റ്‌നസ് സെന്റർ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ കുമ്മണ്ണൂർ പ്രദേശം വനിതാ ഹബ്ബായി മാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോൺ മൂലക്കാട്ട്, അശോക് കുമാർ പൂതമന, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ജി. വിജയൻ, വാർഡംഗങ്ങളായ ലൈസമ്മ ജോർജ്, തോമസ് മാളിയേയ്ക്കൽ, കുഞ്ഞുമോൾ ടോമി, മിനി ജെറോം, ബോബി മാത്യു, സനിൽകുമാർ, ഹേമ രാജു, സെക്രട്ടറി എസ്.കെ. രാജീവ് എന്നിവർ പങ്കെടുത്തു.

Related Posts