Your Image Description Your Image Description

കയര്‍മേഖലയിലെ ചകിരിക്ഷാമം പരിഹരിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി സർക്കാർ ഫണ്ട് ഉപയോഗിച്ച് കയര്‍ ഫൈബര്‍ ബാങ്ക് ആരംഭിക്കുമെന്നും ഇതിനായി 10 കോടി രൂപ റിവോള്‍വിങ് ഫണ്ട് അനുവദിച്ചതായും നിയമ, വ്യവസായ, കയർവകുപ്പ് മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു.

കയർമേഖലയിലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനം കയർ കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കൃത്യമായി പണം ലഭ്യമാക്കാനായാൽ കയർ ഉത്പാദനത്തിൽ 50 ശതമാനം വർധന ഉണ്ടാക്കാനാവും.
കേരളത്തിന് ഒരു വര്‍ഷം 12 ലക്ഷം ക്വിന്‍റല്‍ ചകിരിയാണ് വേണ്ടത്. ഇതില്‍ 3 ലക്ഷം ക്വിന്‍റല്‍ മാത്രമാണ് നമ്മള്‍ ഉത്പാദിപ്പിക്കുന്നത്. ഇതില്‍ തന്നെ ഒന്നേകാല്‍ ലക്ഷം ക്വിന്‍റല്‍ മാത്രമാണ് കയര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി നമുക്ക് കിട്ടുന്നത്. കേരളത്തില്‍ ആവശ്യത്തിന് കയര്‍ ഉത്പാദിപ്പിക്കണമെങ്കില്‍ ഗുണനിലവാരമുള്ള ചകിരി യഥാസമയത്ത് ലഭിക്കണം. ഈ പ്രശ്നം പരിഹിരിച്ച് കയർ സംഘങ്ങള്‍ക്ക് ആവശ്യത്തിന് ചകിരി ലഭ്യമാക്കുന്നതിനാണ് കോട്ടൺ മേഖലയിൽ നടപ്പാക്കിയതിന് സമാനമായി കയര്‍ ഫൈബര്‍ ബാങ്ക് ആരംഭിക്കുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അഞ്ച് കോടി രൂപ വകയിരുത്തിയതില്‍ ഒന്നരക്കോടി അനുവദിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കയര്‍ കോര്‍പ്പറേഷനും കയര്‍ഫെഡും ചേര്‍ന്ന് ആറുമാസത്തേക്ക് എത്ര ചകിരി വേണമെന്ന് വിലയിരുത്തി ടെന്‍ഡര്‍ വിളിച്ച് ഈ തുക ഉപയോഗിച്ച് ചകിരി വാങ്ങി സംഘങ്ങള്‍ക്ക് ലഭ്യമാക്കും. സംഘങ്ങള്‍ 45 ദിവസത്തിനുള്ളില്‍ ചികിരി ഉത്പന്നമാക്കി വിറ്റ് ചകിരി വാങ്ങിയ തുക തിരികെ നല്‍കുമെന്നും ഈ സംവിധാനത്തിലാണ് കയർ ഫൈബർ ബാങ്ക് പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.
കയര്‍തൊഴിലാളികളുടെ കൂലി 50 രൂപ വര്‍ധിപ്പിച്ചതായും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. ഇൻകം സപ്പോർട്ടിൻ്റെ ഭാഗമായി സർക്കാർ 110 രൂപയാണ് നൽകുന്നത്. സർക്കാർ സാധ്യമായത് ചെയ്യുന്നുണ്ടെങ്കിലും പ്രതിസന്ധി രൂക്ഷമാണ്. 500 രൂപയെങ്കിലും കയർപിരി തൊഴിലാളികൾക്ക് ലഭിക്കണമെന്നാണ് സര്‍ക്കാര്‍ കാഴ്ച്ചപ്പാട്. കയറിൻ്റെ വില കൂട്ടിക്കൊടുത്താൽ വേതനം കൂട്ടിക്കൊടുക്കാം എന്ന് ചില സംഘങ്ങൾ അറിയിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് കയറിൻ്റെ വിലയിൽ 5 ശതമാനം വർധന സർക്കാർ വരുത്തിയിട്ടുണ്ടെന്നും ഇൻകം സപ്പോർട്ടുമായി ബന്ധപ്പെട്ട് ലേബർ വകുപ്പുമായി ആലോചിച്ച് സാധ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
യന്ത്രവത്കൃത കയർ മേഖലയിലെ തൊഴിലാളികൾക്കായി ഇൻഷുറൻസ് പദ്ധതി ആരംഭിക്കുമെന്നും ഇതിനായി 21.28 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.
കയര്‍സഹകരണ സംഘം ജീവനക്കാര്‍ക്ക് സംഘം നല്‍കാനുള്ള ഗ്രാറ്റുവിറ്റി കുടിശ്ശികയുടെ 50 ശതമാനം തുകയോ പരമാവധി ഒരു ലക്ഷം രൂപയോ നല്‍കുന്നതിന് രണ്ട് കോടി രൂപ ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചു. ആലപ്പുഴ കയര്‍ പ്രൊജക്ടിന്‍റെ കീഴിലെ 27 സംഘങ്ങളിലെ 35 ജീവനക്കാര്‍ക്ക് ഇന്ന് 29,77433 രൂപ വിതരണം ചെയ്യും. മാനേജീരിയല്‍ സബ്സിഡിയായി 82 സംഘങ്ങള്‍ക്ക് 20, 90000 രൂപ ആലപ്പുഴ കയര്‍ പ്രൊജക്ടിന് കീഴിലുള്ള സംഘങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
നെയ്ത്ത് തറികളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി 900 തറികള്‍ക്ക് 15000 രൂപ നിരക്കില്‍ 1.35 കോടി അനുവദിച്ചതായും മന്ത്രി പറ‍ഞ്ഞു. വൈദ്യുതി സബ്സിഡി ഇനത്തില്‍ ജില്ലയിലെ 14 സംഘങ്ങള്‍ക്ക് 1,15000 രൂപ ആദ്യഗഡു അനുദിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധനം ഇനത്തില്‍ ആലപ്പുഴ കയര്‍ പ്രൊജക്ടിന് കീഴിലുള്ള 143 സംഘങ്ങള്‍ക്ക് ഒരു കോടി 52 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
അമേരിക്ക തീരുവ വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് കയര്‍മേഖലയിലും പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നും ഒന്നിച്ച് നിന്ന് നേരിടണമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്‍റെ ആദ്യ നാലു വര്‍ഷം കൊണ്ട് 54823 ടണ്‍ കയര്‍ ഉത്പാദിപ്പിച്ചു. 54981 ടണ്ണാണ് ആദ്യ സര്‍ക്കാരിന്‍റെ നാല് വര്‍ഷത്തില്‍ ഉത്പാദിപ്പിച്ചത്. 158 ടണ്ണിന്‍റെ കുറവ് മാത്രമാണ് ഉണ്ടായത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 15000 ടണ്ണോളം ചകിരി സൗജന്യമായി നല്‍കി. 143 കോടി രൂപയുടെ കയര്‍ഭൂവസ്ത്രം വിറ്റു. 13000 കിന്‍റല്‍ ചകിരി സംഭരിച്ചിരുന്നിടത്ത് 63000 ക്വിന്‍റല്‍ ചകിരി ഈ വര്‍ഷം സംഭരിച്ചു കയര്‍ഫെഡിന് കൊടുത്തു. 100 യന്ത്രങ്ങളുള്ള കയർ ക്ലസ്റ്ററുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കയർ തൊഴിലാളികൾക്കും സംഘങ്ങൾക്കുമുള്ള ആനുകൂല്യങ്ങളുടെ വിതരണത്തിൻ്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ആലപ്പുഴയുടെ ഗ്രാമീണ മേഖലയുടെ ഉന്നമനത്തിൽ സുപ്രധാനമായ പങ്ക് വഹിച്ച ഘടകമാണ് കയറെന്ന് മന്ത്രി പറഞ്ഞു. കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ ഏറ്റെടുത്താണ് കയർ വ്യവസായം മുന്നേറുന്നത്.ആധുനിക കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ കയർ മേഖലയിൽ അനിവാര്യമാണ്. തൊഴിലും കൂലിയും ഉറപ്പാക്കുന്നതിനാവശ്യമായ ഇടപെടലാണ് കയർ വകുപ്പ് മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിൽ വകുപ്പ് നടപ്പിലാക്കുന്നത്. കയർ മേഖലയിലെ തൊഴിലാളികൾക്ക് നൂതന പരിശീലനങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. എച്ച് സലാം എംഎൽഎ വിശിഷ്ടാതിഥിയായി, കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, മുൻ എം എൽ എ റ്റി കെ ദേവകുമാർ, കെ എസ് സി എം എം സി ചെയർമാൻ എം എച്ച് റഷീദ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേഷൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ എസ് അനിൽകുമാർ, ജനപ്രതിധികൾ,
രാഷ്ട്രീയ പാർട്ടി നേതാക്കൾ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Posts