Your Image Description Your Image Description

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ വിദ്യാർഥിനിക്ക് പാസ് നൽകിയില്ലെന്ന പേരിൽ ബസ്സിൽ കയറി കണ്ടക്ടറെ മർദിച്ചത് സ്വർണ്ണക്കടത്ത് ഗുണ്ടാസംഘമെന്ന് കണ്ടെത്തൽ. സ്വർണക്കടത്ത് കേസിലെ പ്രതി സവാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ്സിൽ കയറി ആക്രമണം നടത്തിയത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് വിവരം. നാദാപുരം സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് സ്റ്റുഡന്‍റ് പാസ് നൽകിയില്ലെന്ന പേരിലായിരുന്നു അക്രമം.

ബസിൽ കയറി അക്രമം നടത്തിയത് അഞ്ചംഗ സംഘമാണ്. പിന്നിലെ വാഹനത്തിൽ ആറു പേർ അനുഗമിച്ചിരുന്നതായി പൊലീസ് പറയുന്നു.വിശ്വജിത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്..

ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥിനിക്ക് പാസ് നല്‍കിയില്ലെന്ന് ആരോപിച്ച് വിശ്വജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി- തൊട്ടില്‍പ്പാലം റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു. വിഷ്ണുവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം നടക്കുന്നത്. രാവിലെ ഉണ്ടായ തര്‍ക്കങ്ങളാണ് വൈകീട്ട് മര്‍ദനത്തിലേക്ക് എത്തുന്നത്.

Related Posts