Your Image Description Your Image Description

വെജ് ബിരിയാണി ഓർഡർ ചെയ്ത യുവതിക്ക് സ്വിഗ്ഗി ഡെലിവറി ചെയ്തത് ചിക്കൻ ബിരിയാണി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. നവരാത്രി ആഘോഷത്തിനിടെയാണ് യുവതി വെജ് ബിരിയാണി ഓർഡർ ചെയ്തത്. എന്നാൽ ചിക്കൻ ബിരിയാണി ലഭിച്ചതോടെ യുവതി സമൂഹ മാധ്യമത്തില്‍ ഇതെക്കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗി, താന്‍ ഓർഡർ ചെയ്തതിന് വിരുദ്ധമായി മാംസാഹാരം കൊണ്ടുവന്നെന്നാണ് യുവതി സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ പോലീസ് ഹോട്ടല്‍ ജീവനക്കാരനെ കസ്റ്റഡിയില്‍ എടുത്തെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് യുവതി വീഡിയോ പങ്കുവച്ചത് 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്.

ഷൈനിംഗ് ഷാഡോ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഛായ ശർമ്മ എന്ന യുവതിയുടെതാണ് ഈ ഇന്‍സ്റ്റാഗ്രാം പേജ്. ഏറെ വൈകാരികമായാണ് യുവതി വീഡിയോയില്‍ സംസാരിക്കുന്നത്. താന്‍ ഒരു വെജിറ്റേറിയന്‍ ആണെന്നും വെബ് ബിരിയാണി ഓർഡർ ചെയ്തപ്പോൾ തനിക്ക് ലഭിച്ചത് നോണ്‍വെജ് ബിരിയാണിയാണെന്നും യുവതി ഏങ്ങലോടെ വീഡിയോയില്‍ പറയുന്നത് കേൾക്കാം. താനൊരു ശുദ്ധ വെജിറ്റേറിയനാണെന്നും എന്നിട്ടും നവരാത്രി കാലത്ത് തനിക്ക് മാംസാഹാരം നല്‍കിയെന്നും യുവതി കരച്ചിലടക്കിക്കൊണ്ട് പറയുന്നത് കേൾക്കാം. ശുദ്ധ വെജിറ്റേറിയനായ താന്‍ ഒന്നോ രണ്ടോ സ്പീണ്‍ കഴിച്ചപ്പോഴാണ് വെജ് ബിരിയാണിയല്ല ലഭിച്ചതെന്ന് മനസിലായതെന്നും യുവതി പറയുന്നു.

യുവതി, സ്വിഗ്ഗി വഴി ലഖ്നവി കബാബ് പരാത്തയില്‍ നിന്നും വെജ് ബിരിയാണി ഓർഡർ ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ടും വീഡിയോയില്‍ പങ്കുവച്ചു. താന്‍ പരാതി പറയാന്‍ റെസ്റ്റോറന്‍റിലേക്ക് വിളിച്ചെങ്കിലും അപ്പോഴേക്കും റെസ്റ്റോറന്‍റ് അടച്ചിരുന്നു. ഫോണിന് ആരും മറുപടി നല്‍കിയില്ലെന്നും യുവതി പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നോയിഡ് പോലീസ് സ്വമേധയാ കേസെടുക്കുകയും ലഖ്നവി കബാബ് പരാത്തയിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം സമൂഹ മാധ്യമങ്ങളില്‍ യുവതിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. യുവതിയുടെത് ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ചിലരെഴുതി. മറ്റ് ചിലര്‍ നോണ്‍വെജ് ഹോട്ടലില്‍ നിന്നും വെജ് ബിരിയാണി ഓര്‍ഡർ ചെയ്തത് എന്തിനാണെന്ന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts