Your Image Description Your Image Description

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണ്. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോയുടെ വില്പനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം.

ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും ആണ് സപ്ലൈകോ നൽകുന്നത്. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളും റെസിഡന്റ്‌സ് അസോസിയേഷനുകളും, ക്ലബ്ബുകളും ഈ പദ്ധതീയിൽ സപ്ലൈകോയുമായി കൈകോർത്തിട്ടുണ്ട് .

അരി , പഞ്ചസാര, തുവരപ്പരിപ്പ് , ചെറുപയർ പരിപ്പ് , ശബരി ബ്രാൻഡിലെ ഗോൾഡ് തേയില, കടുക്, ഉലുവ , ജീരകം , മഞ്ഞൾപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്സ് സാമ്പാർ പൊടി, ആശീർവാദ് ആട്ട, ശർക്കര പൊടി, കിച്ചൻ ട്രഷേഴ്സ് മാങ്ങ അച്ചാർ , കടല എന്നിവയാണ് സമൃദ്ധി 18 ഇന കിറ്റിലെ ഉത്പന്നങ്ങൾ.

അരി, പഞ്ചസാര , തുവരപ്പരിപ്പ് , ചെറുപയർ പരിപ്പ് , ശബരി ബ്രാൻഡിലെ കടുക്, മഞ്ഞൾപ്പൊടി, പായസം മിക്സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്സ് സാമ്പാർപൊടി, ശർക്കര പൊടി എന്നിവയാണ് സമൃദ്ധി മിനി കിറ്റിലെ ഉത്പന്നങ്ങൾ

ശബരി ബ്രാൻഡിലെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി , സാമ്പാർ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സേമിയ പായസം മിക്സ് , പുട്ടുപൊടി എന്നിവയാണ് ശബരി സിഗ്നേച്ചർ കിറ്റിലെ ഉത്പന്നങ്ങൾ.

സപ്ലൈകോയുടെ പ്രത്യേക ഗിഫ്റ്റ് കാർഡ്/ കിറ്റ് പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ അടുത്തുള്ള സപ്ലൈകോ വില്പനശാലയുമായി ബന്ധപ്പെടുക.

Related Posts