Your Image Description Your Image Description

കോഴിക്കോട്: 750 രൂപ വിലയുള്ള ആട്ടിൻതലയ്ക്ക് ലേലത്തിൽ കിട്ടിയത് ഒരു ലക്ഷം രൂപ. കോഴിക്കോട് നാദാപുരത്ത് നടന്ന ലേലം വിളിയിലാണ് ഒരു ആട്ടിൻ തലയ്ക്ക് ഇത്രയും വില കിട്ടിയത്. നബിദിനാഘോഷ കമ്മറ്റി 23 ആട്ടിൻ തലകളാണ് ലേലത്തിൽ വെച്ചത്. വാശിക്ക് തുടങ്ങിയ ലേലം വിളി എത്തി നിന്നത് ഒരു ലക്ഷം രൂപയിലാണ്. അവധിക്ക് നാട്ടിലെത്തിയ ഇസ്മയിലാണ് ലേലം വിളിച്ച് ആട്ടിൻതല സ്വന്തമാക്കിയത്.

750 രൂപയ്ക്ക് കിട്ടുന്ന ആട്ടിൻതലയാണ് ലേലം വിളിയോടെ സ്റ്റാറായത്. മറ്റ് ആട്ടിൻ തലകൾക്കും നല്ല വില തന്നെ കിട്ടി. 3500-നും ഏഴായിരത്തിനും ഇരുപതിനായിരത്തിനുമൊക്കെ ലേലം വിളിച്ചവരുണ്ട്. വില നോക്കിയിട്ടല്ല, സംഘാടകർക്ക് ഒരു സഹായമാകട്ടെ എന്ന് കരുതിയാണ് ഒരു ലക്ഷം രൂപയ്ക്ക് ആട്ടിൻതല സ്വന്തമാക്കിയതെന്ന് ഇസ്മയിൽ പറഞ്ഞു.

ആകെ മൂന്ന് ലക്ഷത്തിന് മുകളിലാണ് ലേലത്തിലൂടെ കിട്ടിയത്. ലേലംവിളി പ്രതീക്ഷിച്ചതിനേക്കാൾ വിജയത്തിലെത്തിയതോടെ സംഘാടകരും വളരെ സന്തോഷത്തിലാണ്.

Related Posts