Your Image Description Your Image Description

ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് വെള്ളിയാഴ്ച മുതൽ 25 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപി​െന്റ പ്രഖ്യാപനം രാജ്യത്തെ വ്യവസായങ്ങൾക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. വിവിധ ഉൽപാദന മേഖലകളെ തീരുമാനം പ്രതികൂലമായി ബാധിക്കും. രാജ്യത്തി​െന്റ കയറ്റുമതി വരുമാനത്തിനും തീരുമാനം തിരിച്ചടിയാകും.

ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ചുമത്തുന്ന കസ്റ്റംസ് ഡ്യൂട്ടിയാണിത്. ഇറക്കുമതി ചെയ്യുന്നവരാണ് ഈ തീരുവ സർക്കാറിന് നൽകേണ്ടത്. സാധാരണഗതിയിൽ, കമ്പനികൾ അധികഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നു. ഇത് വിലക്കയറ്റത്തിലേക്ക് നയിക്കും. കൂടുതൽ പേർ തൊഴിലെടുക്കുന്ന മേഖലകളായ വസ്ത്രങ്ങൾ, ​പാദരക്ഷകൾ, രത്നങ്ങളും ആഭരണങ്ങളും, പരവതാനികൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയെ തീരുവ പ്രതികൂലമായി ബാധിക്കും.

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനുപുറമേ, റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് പിഴയും ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് എത്രയായിരിക്കുമെന്നും ഏത് രീതിയിൽ നടപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. വൈറ്റ്ഹൗസ് പുറത്തിറക്കുന്ന എക്സിക്യൂട്ടിവ് ഉത്തരവിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുമെന്നാണ് കരുതുന്നത്. കൂടാതെ, ഉരുക്കിനും അലൂമിനിയത്തിനും ഏർപ്പെടുത്തിയ 50 ശതമാനം തീരുവയും വാഹനങ്ങൾക്കും വാഹന ഭാഗങ്ങൾക്കും ഏർപ്പെടുത്തിയ 25 ശതമാനം തീരുവയും നിലവിലുണ്ട്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നിലവിലുള്ള തീരുവക്ക് പുറമേയായിരിക്കും പുതിയ തീരുവ ഈടാക്കുന്നത്. ഉദാഹരണത്തിന്, വസ്ത്രങ്ങൾക്ക് 6-9 ശതമാനമാണ് നിലവിലെ തീരുവ. പുതുതായി പ്രഖ്യാപിച്ച 25 ശതമാനം തീരുവ കൂടി ചേരുന്നതോടെ ഇത് 31-34 ശതമാനമായി ഉയരും. ഇതിന് പുറമെ പിഴയും ഉണ്ടാകും.

Related Posts