Your Image Description Your Image Description

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ പഠിച്ചുകൊണ്ടിരുന്ന സ്ഥലത്ത് കുത്തേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ട 20 കാരനായ സൗദി വിദ്യാർത്ഥി മുഹമ്മദ് യൂസുഫ് അൽഖാസിമിന്റെ മയ്യിത്ത് സൗദിയിലെത്തിച്ച് മക്കയിൽ ഖബറടക്കി. വെള്ളിയാഴ്ച്ച മസ്ജിദുൽ ഹറാമിൽ നടന്ന ജനാസ നമസ്കാരത്തിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ശേഷം മൃതദേഹം അൽ ഷുഹദാ മഖ്ബറയിൽ ഖബറടക്കി.

കേംബ്രിഡ്ജിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഇ.എഫ് ഇന്റർനാഷണൽ ഭാഷാ കോളേജിലെ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് യൂസുഫ് അൽ ഖാസിം. രാത്രി 11.30 ഓടെ താമസ സഥലത്തേക്ക് മടങ്ങുന്നതിനിടെ അക്രമികൾ ഇദ്ദേഹത്തെ വളയുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നു. കഴുത്തിലേറ്റ 11.5 സെന്റി മീറ്റർ ആഴത്തിലുള്ള മുറിവാണ് വിദ്യാർത്ഥി മരിക്കാനുണ്ടായ കാരണം എന്നാണ് ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. സംഭവത്തിൽ ബ്രിട്ടീഷ് പൗരനായ 21 കാരൻ ചാസ് കൊറിഗനെതിരെയും കുറ്റകൃത്യത്തിന് സഹായം നൽകിയെന്ന് സംശയിക്കുന്ന 50 വയസ്സുള്ള ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, പൊതു ഇടത്തിൽ ആയുധം ഉപയോഗിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

Related Posts