Your Image Description Your Image Description

സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് മൂന്നു മുതല്‍ അഞ്ചു വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്ള്യു.ഐ.എഫ്.എഫ്) സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ നഗരിയായി കൊട്ടാരക്കര മാറുകയാണെന്ന് പ്രേംകുമാര്‍ പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ബി.ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു. മേളയുടെ ലോഗോ അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ചലച്ചിത്രനിര്‍മ്മാതാവ് അനില്‍ അമ്പലക്കരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ബി ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് കണ്‍വീനറുമായാണ് കമ്മിറ്റി.

ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവിഷ്‌ക്കരിച്ച സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഏപ്രില്‍ 22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന രജിസ്ട്രേഷന്‍ നടത്താം. ജി.എസ്.ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 400 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.

കൊട്ടാരക്കര മിനര്‍വ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും ഉള്‍പ്പെടെ 25 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. 29ാമത് ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

യോഗത്തില്‍ കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് സുവിധ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ദിവ്യ ചന്ദ്രശേഖരന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ ബിജി ഷാജി, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി, തഹസില്‍ദാര്‍ മോഹനകുമാരന്‍ നായര്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്, ജെ രാമാനുജന്‍, പി.കെ ജോണ്‍സന്‍, സി.മുകേഷ്, എസ്.ആര്‍ രമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts