Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടരുന്ന റോയല്‍ ചല‍ഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്റ്റണെയും പഞ്ചാബ് കിംഗ്സിന്‍റെ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലിനെയും വിമര്‍ശിച്ച് രംഗത്തെത്തി മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. റണ്ണടിക്കാനുള്ള ദാഹം മാക്‌സ്‌വെല്ലിലും ലിവിംഗ്സ്റ്റണിലും കാണാനില്ലെന്നും സെവാഗ് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.

റണ്‍ നേടാനുള്ള ദാഹമൊന്നും അവരില്‍ ഇരുവരിലും ഇപ്പോൾ കാണാനില്ല. എനിക്ക് തോന്നുന്നത് അവര്‍ അവധിക്കാലം ആഘോഷിക്കാനായാണ് ഇന്ത്യയില്‍ വന്നതെന്നാണ്. അവധി ആഘോഷിച്ച് അവര്‍ തിരിച്ചുപോവും. ടീമിനായി പൊരുതാനുള്ള ആഗ്രഹം അവരില്‍ തരിപോലും കാണാനില്ല. ഞാന്‍ ഒട്ടേറെ താരങ്ങളുമായി സമയം ചെലവഴിച്ചിട്ടുണ്ട്. പക്ഷെ അവരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ശരിക്കും ടീമിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുള്ളവരെന്നും സെവാഗ് പറ‌ഞ്ഞു.

മോശം ഫോം തുടരുന്ന മാക്സ്‌വെല്‍ ഈ സീസണില്‍ ഇതുവരെ 41 റൺസും നാല് വിക്കറ്റും മാത്രമാണ് നേടിയത്. പഞ്ചാബിന്‍റെ കഴിഞ്ഞ മത്സരങ്ങളില്‍ മാക്സ്‌വെല്ലിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മാക്സ്‌വെല്ലിന് പകരം മറ്റൊരു ഓസ്ട്രേലിയന്‍ താരമായ മാര്‍ക്കസ് സ്റ്റോയ്നിസിനാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും പഞ്ചാബ് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയത്.

അതേസമയം, ആര്‍സിബിയുടെ ലിയാം ലിവിംഗ്‌സ്റ്റണാകട്ടെ ഒരു അർധസെഞ്ച്വറി അടക്കം 87 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയത്. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തില്‍ ലിവിംഗ്‌സ്റ്റണെ പുറത്തിരുത്തിയ ആര്‍സിബി റൊമാരിയോ ഷെപ്പേര്‍ഡിനാണ് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയത്. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ആര്‍സിബി സീസണിലെ അഞ്ചാം ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. എട്ട് കളികളില്‍ അഞ്ച് ജയമുള്ള പഞ്ചാബ് നിലവിൽ നാലാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts