Your Image Description Your Image Description

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം മെസ്സിയെ കേരളത്തിലെത്തിക്കാനായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നൽകിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷൻ എം ഡി ആന്‍റോ അഗസ്റ്റിൻ. പണം വാങ്ങിയ ശേഷം വരാതിരിക്കുന്നത് ചതിയാണെന്നും വരാതിരുന്നാല്‍ നിയമ നടപടികള്‍ ആലോചിക്കുമെന്നും ആന്‍റോ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ മെസ്സിയുള്‍പ്പെടുന്ന അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ കേരളത്തിൽ കളിക്കാമെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ സമ്മതിച്ചതുമാണ്. ഇതിന്‍റെ ഭാഗമായി ജൂണ്‍ ആറിനാണ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയത്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് പണം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

അർജന്‍റീന ടീം വരില്ലെന്ന് അവർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ മെസ്സിയുള്‍പ്പെടുന്ന അര്‍ജന്‍റീന ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മെസി കേരളത്തില്‍ വരുന്നില്ലെങ്കില്‍ ഇന്ത്യയിൽ എവിടെയും വരില്ലെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനുമായാണ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ കരാറുണ്ടാക്കിയിരിക്കുന്നതെന്നും ആന്‍റോ അഗസ്റ്റിൻ പറഞ്ഞു.

Related Posts