Your Image Description Your Image Description

പിക്ക് അപ്പ് ട്രക്കുകളിൽ മുൻനിരയിലാണ് സൈബര്‍ ട്രക്കിന്റെ സ്ഥാനം. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പിക്ക് അപ്പ് ട്രക്കുകളില്‍ മുമ്പന്‍ എന്നാണ് സൈബര്‍ ട്രക്കിനെ പലരും വിശേഷിപ്പിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയാണ് സൈബര്‍ ട്രക്ക് നിര്‍മിക്കുന്നത്. എന്നാൽ സൈബര്‍ ട്രക്ക് ഉള്‍പ്പെടെയുള്ള ഇവി പിക്ക് അപ്പ് ട്രക്കുകളുടെ ശ്രേണിയിലേക്ക് പുതിയൊരു വാഹനം കൂടിയെത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ ഉടമ ജെഫ് ബെസോസിന് നിക്ഷേപമുള്ള സ്ലേറ്റ് ഓട്ടോ എന്ന സ്റ്റാര്‍ട്ടപ്പിന്റേതാണ് പുതിയ ഇവി ട്രക്ക് എന്നാണ് വിവരം.

എന്നാൽ കമ്പനി ഔദ്യോഗികമായി പിക്കപ്പ് ട്രക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സാമൂഹികമാധ്യമമായ റെഡ്ഡിറ്റില്‍ ഒരാള്‍ പങ്കുവെച്ച ചിത്രമാണ് വാഹനലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. രണ്ട് സീറ്റുകളുള്ള പിക്ക് അപ്പ് ട്രക്കിന്റെ ചിത്രമാണ് ഇത്. ലോസ് ആഞ്ജലസിലെവിടെയോ നിന്നുള്ള ചിത്രമാണ് ഇതെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ലോറിയില്‍ കയറ്റി മറ്റെവിടേക്കോ കൊണ്ടുപോകുന്ന ഇവി പിക്കപ്പ് ട്രക്കിന്റെ ചിത്രമാണ് പുറത്തുവന്നത്. ചാരനിറമാണ് വാഹനത്തിന്.

സ്ലേറ്റ് ഓട്ടോ പുറത്തിറക്കുന്ന പിക്കപ്പ് ട്രക്ക് തന്നെയാണ് ഇതെന്ന് കമ്പനിയുമായി വളരെ അടുപ്പമുള്ള ഒരാള്‍ സ്ഥിരീകരിച്ചതായും ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തിന്റെ പേര് ഉള്‍പ്പെടെ ഒരു വിവരങ്ങളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. താരതമ്യേന കുറഞ്ഞ വിലയായ 25,000 ഡോളറിന് വാങ്ങാവുന്ന ട്രക്കുകളാകും ഓട്ടോ സ്ലേറ്റ് പുറത്തിറക്കുക എന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. റിവിയന്‍ ആര്‍1ടി എന്ന പിക്കപ്പ് ട്രക്കുമായി ചിത്രത്തിലെ ട്രക്കിന് രൂപ സാദൃശ്യമുണ്ട്. എന്തായാലും പുറത്തുവന്ന ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ സ്ലേറ്റ് ഓട്ടോ ഇതുവരെ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts