Your Image Description Your Image Description

കോവളം: ലഹരിമരുന്നുമായി യുവതി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെൺസുഹൃത്ത്രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ(24), രാജാജി നഗർ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തിലും ഗ്രാമീണ മേഖലകളിലും വിൽപ്പന നടത്തുന്നതിനായാണ് സംഘം ലഹരിവസ്തുക്കൾ എത്തിച്ചത്.

അരക്കിലോ എംഡിഎംഎയും ഒമ്പതു​ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്. ഉല്ലാസയാത്ര എന്ന വ്യാജേനയാണ് സംഘം കാറിൽ ലഹരിമരുന്നുകളുമായി എത്തിയത്. രശ്മിയുടെ കുട്ടികളെയും ഒപ്പം കൂട്ടിയിരുന്നു. ബെം​ഗളുരുവിൽ നിന്നാണ് സംഘം ലഹരിമരുന്നുകൾ വാങ്ങിയത്. തമിഴ്നാട് വഴിയായിരുന്നു മടക്കയാത്ര.

ബൈപ്പാസിലെ കോവളം ജങ്ഷനിൽവെച്ച് നടത്തിയ പരിശോധനയിൽ കാറിനുളളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ അരക്കിലോ എംഡിഎംഎ, ഒൻപതുഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാൻസാഫ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും സംഘം കസ്റ്റഡിയിലെടുത്തു. കാറിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം കോവളത്ത് മഫ്തിയിലുണ്ടായിരുന്നു. പോലീസ് പിൻതുടരുന്നു എന്ന സംശയത്തെ തുടർന്ന് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഡാൻസാഫ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു.

മൂന്നുമാസം മുൻപ് കൊല്ലം ചാത്തന്നൂരിൽ നിന്ന് പണയത്തിനെടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന് കടത്തിയത്. ബെം​ഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി ശ്യാമും രശ്മിയും തമിഴ്‌നാട്ടിലെ കാവല്ലൂരെത്തി. തുടർന്ന് സുഹൃത്തുക്കളോട് കാറുമായി അവിടെ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കന്യാകുമാരിയിലെത്തിയ സംഘം തീരദേശ റോഡുവഴിയാണ് കോവളത്ത് എത്തിയത്.

Related Posts