Your Image Description Your Image Description

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പരിശീലക സംഘത്തിൽ അഴിച്ചുപണി നടത്താൻ ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെയാണ് തീരുമാനം.മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ മാറ്റില്ലെങ്കിലും ഗംഭീറിൻറെ പ്രത്യേക താൽപര്യപ്രകാരം നിയമിച്ച ബൗളിംഗ് പരിശീലകൻ മോർണി മോർക്കൽ, സഹപരിശീലകൻ റിയാൻ ടെൻ ഡോഷെറ്റെ എന്നിവരെ പുറത്താക്കുമെന്ന് ‘ദ് ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ട് പര്യടനത്തിനുശേഷം സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാ കപ്പിനുശേഷമാകും ഇവരെ പുറത്താക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ഇംഗ്ലണ്ട് പര്യടനത്തിനിടെ ഗംഭീർ വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയപ്പോൾ ഡോഷെറ്റെയായിരന്നു പരിശീലക ചുമതല വഹിച്ചിരുന്നത്. നേരത്തെ ഓസ്ട്രേലിയൻ പര്യ‍ടനത്തിന് പിന്നാലെ ഗംഭീറിൻറെ താൽപര്യത്തിൽ നിയമിച്ച ബാറ്റിംഗ് പരിശീലകൻ അഭിഷേക് നായരെ ബിസിസിഐ പുറത്താക്കിയിരുന്നു. പകരം സീതാൻഷു കൊടകിനെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചു. ഐപിഎല്ലിൽ ഗംഭീറിന് കീഴിൽ സഹപരിശീലകരായിരുന്നു അഭിഷേക് നായരും മോർണി മോർക്കലും റിയാൻ ടെൻ ഡോഷെറ്റെയുമെല്ലാം.

ഏഷ്യാ കപ്പിനുശേഷം ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ മത്സരിക്കുക. ഇംഗ്ലണ്ടിലെ അവസാന രണ്ട് ടെസ്റ്റിലെ ഇന്ത്യയുടെ പ്രകടനം എന്തുതന്നെയായാലും ഇരുവർക്കും പുറത്തേക്കുള്ള വഴി ഒരുങ്ങുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടീമിലെ ബൗളർമാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിൽ മോർണി മോർക്കൽ പൂർണമായും പരാജയപ്പെട്ടുവെന്നും ഗംഭീറിൻറെ സഹപരിശീലകനായ റിയാൻ ടെൻ ഡോഷെറ്റെക്കും കാര്യമായ സംഭാവനയൊന്നും നൽകാനായിട്ടില്ലെന്നുമാണ് ബിസിസിഐയുടെ വിലയിരുത്തൽ.

Related Posts