Your Image Description Your Image Description

നവകേരള സദസ്സില്‍ അനുമതി ലഭിച്ച പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം. ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികളില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കുന്ന കാര്യത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനായി മണ്ഡലാടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരും.

 

ദേശീയപാത 66, മലയോര ഹൈവേ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും ആവശ്യമുയര്‍ന്നു.

 

കോഴിക്കോട് മെഡിക്കല്‍ കോളേജിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്ന് ആരോഗ്യവകുപ്പ് ഡിഎംഒ അറിയിച്ചു. ആഗസ്റ്റ് 10നകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

 

ബഷീര്‍ സ്മാരകം രണ്ടാംഘട്ട വികസന പദ്ധതിക്ക് 16 സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ സ്വകാര്യവ്യക്തി തയാറായതായി കോര്‍പ്പറേഷന്‍ സെക്രട്ടറി യോഗത്തെ അറിയിച്ചു. അതിനാവശ്യമായ ലാന്‍ഡ് വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. പുതിയ ഉത്തരവ് പ്രകാരം നെഗോസിയേഷന്‍ പര്‍ച്ചേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

 

കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച പൊതുമരാമത്ത്, ഇറിഗേഷന്‍ പ്രവൃത്തികള്‍ മഴ കുറയുന്നതിനനുസരിച്ച് പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിയുടെ ആദ്യഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാകുമെന്നും ഇതിനുമുമ്പ് തന്നെ രണ്ടാംഘട്ട പ്രവൃത്തിയുടെ അഡ്മിനിസ്‌ട്രേഷന്‍ സാങ്ഷന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ യോഗത്തെ അറിയിച്ചു.

 

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ നാക്കിലമ്പാട് ആദിവാസി സങ്കേതത്തിലെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇതിനായി 79.50 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു.

 

യോഗത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പി ടി എ റഹീം, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, അഹമ്മദ് ദേവര്‍കോവില്‍, കെ എം സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം പി സുരേഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സി പി സുധീഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts