Your Image Description Your Image Description

നാരായൺപുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഉന്നത മാവോവാദി നേതാക്കൾ കൊല്ലപ്പെട്ടു. 40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സർക്കാർ തലയ്ക്ക് വിലയിട്ടിരുന്ന രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കടാരി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് മഹാരാഷ്ട്രയോട് ചേർന്നുള്ള അബുജ്മദ് വനമേഖലയിൽ തിങ്കളാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്നു ഇരുവരും.

മാവോവാദികളുടെ നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് നാരായൺപുർ പോലീസ് സൂപ്രണ്ട് റോബിൻസൺ ഗുരിയ പറഞ്ഞു. മണിക്കൂറുകളോളം നീണ്ടുനിന്ന വെടിവയ്പ്പിനൊടുവിൽ രണ്ട് പുരുഷ കേഡർമാരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഒരു എകെ-47 റൈഫിൾ, ഒരു ഇൻസാസ് റൈഫിൾ, ഒരു ബാരൽ ഗ്രനേഡ് ലോഞ്ചർ (ബിജിഎൽ), വൻതോതിൽ സ്ഫോടകവസ്തുക്കൾ, മാവോയിസ്റ്റ് ലഘുലേഖകൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട രണ്ടുപേരും തെലങ്കാനയിലെ കരിംനഗർ സ്വദേശികളാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലേറെയായി ഇവർ ബസ്തർ മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ‘ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി’യിൽ സജീവമായിരുന്നു. ഇരുവരുടെയും തലയ്ക്ക് 40 ലക്ഷം രൂപ വീതമാണ് വിലയിട്ടിരുന്നത്. സുരക്ഷാ സേനയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിപ്പ് പങ്കുവച്ചു.

Related Posts