Your Image Description Your Image Description

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരെ കെ സി വിജയന്റെ ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തിൽ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ രാജിവെച്ചു. രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ​ഗുരുതര വിമർശനങ്ങളുണ്ടായിരുന്നു. പിന്നാലെ കെ സി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയിരുന്നു. പരാതിയിൽ കെപിസിസി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കെ സി വിജയന്റെ രാജി.

വയനാട് പുനഃരധിവാസത്തിലും യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലും നേതൃത്വം തട്ടിപ്പുനടത്തി എന്ന് കെ സി വിജയൻ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലുമെതിരെ പാർട്ടിയുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിലായിരുന്നു കെ സി വിജയന്റെ വിമർശനം.

‘‘കള്ളവോട്ട്​ വാങ്ങിയും​ വ്യാജ ഐഡന്റിറ്റി കാർഡുണ്ടാക്കിയുമാണ്​ വിജിൽ യൂത്ത്​ കോൺഗ്രസ്​ ജില്ലാ പ്രസിഡന്റായത്​. അതിന്റെ മുകളിലുള്ളവനും അങ്ങനെതന്നെ. തട്ടിപ്പുനടത്തി ജീവിക്കുന്നവർക്ക്​ എന്തു മാന്യത. വയനാട്ടിലേക്ക്​ ഇവിടെനിന്ന്​ എത്ര പണം പിരിച്ചുവെന്ന്​ എനിക്ക് നന്നായി അറിയാം. അവിടെ എത്ര കൊടുത്തുവെന്നും. ബാക്കി കാര്യങ്ങൾ എന്നെക്കൊണ്ട്​ പറയിപ്പിക്കരുത്​. ഇതൊക്കെ മനസ്സിലടക്കിയാണ് മുന്നോട്ടുപോകുന്നത്. കള്ളവോട്ട് വാങ്ങി ജില്ലാ പ്രസിഡന്റായി ചമഞ്ഞു നടക്കുകയാണ്’, ഇതാണ് ശബ്ദ സന്ദേശത്തിൽ പറഞ്ഞത്. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്തുവന്നത്.

Related Posts