Your Image Description Your Image Description

മുംബൈ: ഓൺലൈൻ ഗെയിം കളിക്കാനായി പണം നൽകാൻ വിസമ്മതിച്ചതിന് വളർത്തമ്മയെ കൊലപ്പെടുത്തിയ മകനെയും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്ന പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വസായ് ഈസ്റ്റിലെ ഗോഗിവാരയിൽ ആദ്യ ഭാര്യയോടൊപ്പം താമസിക്കുന്ന ആമിർ ഖുസ്റുവും (64) മകൻ ഇംറാൻ ഖുസ്റു (32) എന്നിവരാണ് അറസ്റ്റിലായത്. വസായ് വെസ്റ്റിലെ ഭബോള സ്വദേശിയായ അർഷിയ ഖുസ്റു (61)വിനെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും പിടിയിലായത്. അർഷിയ ഖുസ്റുവിനെ കൊലപ്പെടുത്തിയ ശേഷം ആമിർ തന്റെ സ്വാധീനം ഉപയോഗിച്ച് വ്യാജ മരണസർട്ടിഫിക്കറ്റ് വാങ്ങുകയും ഇരുവരും ചേർന്ന് അർഷിയയുടെ സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. ആമിറും കൊല്ലപ്പെട്ട അർഷിയ ഖുസ്റുവും ചേർന്ന് ഒരു ട്രാവൽ ഏജൻസി നടത്തിവരികയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ മകൻ ഇംറാൻ ഗെയിം കളിക്കാനായി 1.8 ലക്ഷം രൂപ ആവശ്യപ്പെട്ട് വളർത്തുമാതാവായ അർഷിയയെ സമീപിക്കുകയായിരുന്നു. പണം നൽകാൻ അർഷിയ വിസമ്മതിച്ചതോടെ വീട്ടിനുള്ളിൽ കയറി ക്രൂരമായി ആക്രമിച്ചു. ചുമരിൽ തലയിടിച്ച് രക്തം വാർന്നാണ് മരിച്ചത്. ഇതിനുശേഷം അർഷിയയുടെ സ്വർണം കവരുകയും ചെയ്തു. പിന്നാലെ കൊലപാതക വിവരം പിതാവുമായി പങ്കുവച്ചു. ഇരുവരും ചേർന്ന് പരിചയക്കാരനായ ഡോക്ടറുടെ അടുക്കൽനിന്ന് സാധാരണ മരണമാണെന്ന തരത്തിൽ വ്യാജമരണ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സംസ്കാര ചടങ്ങുകൾ പെട്ടെന്ന് നടത്തുകയായിരുന്നു.

കൊലപാതകം നടത്തിയതിന്റെ തെളിവുകൾ അടക്കം അച്ഛനും മകനും ചേർന്ന് നശിപ്പിച്ചിരുന്നു. മുറിയിലെ രക്തക്കറയും മറ്റും ഇരുവരും ചേർന്ന് വൃത്തിയാക്കിയെങ്കിലും വെപ്രാളത്തത്തിനിടെ ചില സ്ഥലങ്ങൾ വിട്ടുപോയതാണ് കൊലപതകത്തിന്റെ ചുരുളഴിയാൻ കാരണമായത്. സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി അയച്ചു. വ്യാജ മരണസർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ഡോക്ടർക്കെതിരെയും നടപടിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Related Posts