Your Image Description Your Image Description

തിരുവനന്തപുരം: എബിവിപി പ്രതിഷേധം രാജ്ഭവന്റെ അറിവോടെയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാജ്ഭവനിലെ രണ്ട് ആര്‍എസ്എസുകാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അവരാണ് ഗവര്‍ണര്‍ക്ക് ഉപദേശം കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്ഭവനിലെ സംഭവത്തിനു ശേഷം എബിവിപി, യുവമോര്‍ച്ച, കെഎസ്യു സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമിക്കുകയും യാത്ര തടസപ്പെടുത്തുകയുമാണ്. പൊലീസ് പരമാവധി സംയമനം പാലിക്കുന്നുണ്ട്. എന്തിനു വേണ്ടിയാണ് കാറിനു മുന്നിലേക്ക് എടുത്തു ചാടുന്നതെന്ന് മനസിലാകുന്നില്ല. സമരത്തിന് എതിരല്ല. പക്ഷേ അതിന് ഒരു ന്യായവും നീതിയും വേണം. പതിയിരുന്നല്ല സമരം നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

രാജ്ഭവനില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം പൗരനെന്ന നിലയിലും മന്ത്രിയെന്ന നിലയിലുമുണ്ട്. ഞാന്‍ ആ കടമ നിര്‍വഹിച്ചു. അത് അവിടെ അവസാനിച്ചു. കഴിഞ്ഞ ദിവസം വഴുതക്കാട് ജങ്ഷനില്‍ ഏഴു എബിവിപിക്കാരാണ് പ്രതിഷേധിക്കാന്‍ ഉണ്ടായിരുന്നത്. രാത്രിയില്‍ വീടിനു മുന്നില്‍ എബിവിപിക്കാര്‍ മാധ്യമങ്ങളെ അറിയിച്ചാണ് പ്രതിഷേധിക്കാന്‍ എത്തിയത്. എന്തിനാണ് പ്രതിഷേധിക്കുന്നതെന്നു പോലും അവര്‍ക്കറിയില്ല. കോഴിക്കോട് ആറു സ്ഥലത്ത് വണ്ടി തടഞ്ഞു. അതില്‍ ഒരു സ്ഥലത്ത് കെഎസ്യുക്കാരും ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

തെരുവില്‍ മനപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നത്. ശനിയാഴ്ച തമ്പാനൂരില്‍ എബിവിപിക്കാര്‍ പ്രകോപനമുണ്ടാക്കി. വാഹനത്തിലെ ദേശീയപതാക വലിച്ചു കീറി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് പോലും ഉന്നയിക്കപ്പെടാത്ത പ്ലസ് വണ്‍ സീറ്റ് വിഷയമുയര്‍ത്തിയാണ് കെഎസ്യു സമരം നടത്തിയത്. നേമത്ത് ഉണ്ടായ പ്രതിഷേധം ബിജെപി അക്കൗണ്ട് പൂട്ടിച്ചതിലെ വൈരാഗ്യം മൂലമാണ്. കഴിഞ്ഞ ദിവസം കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ തനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. സമരം നടക്കുമ്പോള്‍ സ്വാഭാവികമായും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വരുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts