Your Image Description Your Image Description

ചിറകുവിരിച്ചു പറന്ന കണ്ണൂരിന്റെ ആകാശ സ്വപ്നങ്ങള്‍ക്കൊപ്പം ആതുര സേവന രംഗത്തെ അത്യാധുനിക മുന്നേറ്റമാവാന്‍ ഒരുങ്ങുകയാണ് മട്ടന്നൂര്‍ സര്‍ക്കാര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍. മലബാറിന്റെ വിമാനയാത്രാ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടൊപ്പം ഉയര്‍ന്നുവന്ന സുപ്രധാന ആവശ്യമായിരുന്നു സാധാരണക്കാര്‍ക്കുള്ള ഉന്നത നിലവാരമുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍.

സര്‍ക്കാര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണം മട്ടന്നൂരില്‍ അതിവേഗം പുരോഗമിക്കുകയാണ്. കെ.കെ ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചത്. 2019 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. 2020 മാര്‍ച്ചിലാണ് ഭൂമി നിരപ്പാക്കല്‍, ട്രയല്‍ പൈലിങ് എന്നിവ ആരംഭിച്ചത്. സ്വകാര്യ ആശുപത്രികളെപ്പോലും വെല്ലുന്ന സൗകര്യങ്ങളോടെ സര്‍ക്കാരിന്റെ ആശുപത്രിയിലൂടെ സാധാരണക്കാരന് മികച്ച ചികിത്സ നല്‍കുക എന്നതാണ് ലക്ഷ്യം. കെ.എസ്.ഇ.ബിയാണ് പദ്ധതി നിര്‍വഹണ ഏജന്‍സി. 99.91 കോടി രൂപയാണ് പദ്ധതിക്കായി കിഫ്ബി വകയിരുത്തിയിട്ടുള്ളത്.

ഇവിടെ എല്ലാവിഭാഗത്തിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ആദ്യഘട്ടത്തില്‍ കിടത്തി ചികിത്സക്കായി നൂറ് കിടക്കകള്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍, ലാബ്, ഒപി ബ്ലോക്ക്, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റ്, മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങള്‍ നാലുനില കെട്ടിടത്തില്‍ ഉണ്ടാകും. മട്ടന്നൂര്‍ – ഇരിട്ടി റോഡില്‍ റവന്യു ടവറിന് പുറകിലായി ജലസേചന വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് ആശുപത്രി നിര്‍മ്മിക്കുന്നത്. ചെരിഞ്ഞ പ്രദേശമായതിനാല്‍ ബേസ്മെന്റ് ഉള്‍പ്പടെയുള്ള ആദ്യ ഭാഗത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ശ്രമകരമായിരുന്നു. ഏറെ പില്ലറുകളും മറ്റും നിര്‍മിച്ചാണ് പ്രവൃത്തികള്‍ നടത്തിയത്. രണ്ടു നിലകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം നിലയുടെ നിര്‍മാണം ആരംഭിച്ചു. 35 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി. നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തികരിച്ച് ആതുരാലയം നാടിന് സമര്‍പ്പിക്കാനുള്ള ലക്ഷ്യത്തിലാണ് അധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *

Related Posts