Your Image Description Your Image Description

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടം തകർന്നുവീണ്  രണ്ട് പേർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. ആൽഫിയ, ഫഹീം എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.

നാല് കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത്. അപകടസമയത്ത് 14 പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. 10-15 വർഷം പഴക്കമുള്ള കെട്ടിടത്തിന് കനത്ത മഴയെത്തുടർന്ന് വിള്ളലുകൾ ഉണ്ടായതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. കൂടാതെ, ബേസ്മെന്റിൽ വെള്ളം കയറുന്നത് കെട്ടിടത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തിയതായും നാട്ടുകാർ ആരോപിച്ചു.

സംഭവസ്ഥലത്ത് കളക്ടർ ശിവം വർമ്മ, പോലീസ് കമ്മീഷണർ സന്തോഷ് കുമാർ സിംഗ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരന്തം ഒഴിവാക്കാൻ പ്രദേശത്തെ വൈദ്യുതി വിതരണം വിച്ഛേദിച്ചു. പഴയ നഗരങ്ങളിലെ ദുർബലമായ കെട്ടിടങ്ങളുടെ അപകടാവസ്ഥ ഈ സംഭവം ഉയർത്തിക്കാട്ടുന്നുണ്ടെന്ന് വാർഡ് കൗൺസിലർ അൻസാഫ് അൻസാരി പറഞ്ഞു. സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ സമീപത്തുള്ള കെട്ടിടങ്ങൾ പരിശോധിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

Related Posts