Your Image Description Your Image Description

കറാച്ചി: ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ. കറാച്ചിയിലും ലാഹോറിലുമടക്കം പാകിസ്ഥാനിലെ ഒമ്പത് നഗരങ്ങളിൽ ഡ്രോൺ ആക്രമണമുണ്ടായതായും 12 ഡ്രോണുകള്‍ തങ്ങൾ വെടിവെച്ചിട്ടെന്നും പാകിസ്ഥാൻ അവകാശപ്പെട്ടു. ആക്രമണങ്ങളിൽ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാൻ സൈന്യത്തിന്‍റെ പബ്ലിക് റിലേഷൻസ് ഡയറക്ടര്‍ ജനറൽ ലെഫ്റ്റ്നന്‍റ് ജനറൽ അഹമ്മദ് ഷെരീഫ് വാര്‍ത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.

ഇന്ത്യൻ ഡ്രോണ്‍ ആക്രമണ ഭീഷണിയിലാണ് പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെന്നാണ് പാകിസ്ഥാന്‍റെ അവകാശ വാദം. ഇസ്രായേൽ നിർമ്മിത ഹാരോപ് ഡ്രോൺ ഇന്ത്യ ഉപയോഗിച്ചെന്നും ഇത് ഉപയോഗിച്ചാണ് വ്യാപകമായി ആക്രമണം നടത്തിയതെന്നുമാണ് പാക് ആരോപണം. 24ഓളം ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിച്ചെന്നാണ് ആരോപണം. സാധാരണക്കാരെയും സൈനികരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്നുമാണ് പാകിസ്ഥാന്‍റെ ആരോപണം.

അതേസമയം, ഇത്തരമൊരു ആക്രമണം നടത്തിയതായി കേന്ദ്ര സര്‍ക്കാരോ ഇന്ത്യൻ സൈന്യമോ വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാന്‍റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ രംഗത്തെത്തി. ഡ്രോണ്‍ ആക്രമണം നടത്തിയെന്ന പാകിസ്ഥാൻ ആരോപണം ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിൽനിന്നടക്കം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇന്ത്യയെ ആക്രമിക്കാനായി പാകിസ്ഥാൻ കാരണമുണ്ടാക്കുന്നതാകാമെന്നുമാണ് കേന്ദ്ര സർക്കാരിന്‍റെ വിലയിരുത്തൽ.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങള്‍ നടന്നതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ ഷറാഫി ഗോതിൽ സ്ഫോടനം നടന്നെന്നാണ് റിപ്പോർട്ട്. സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. ലാഹോർ ഡ്രോണ്‍ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും ഒരാള്‍ മരിച്ചെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണം തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നിയന്ത്രണ രേഖയിലെ പാക് വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

9 തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ പാക് ബന്ധം വലിയ സംഘര്‍ത്തിലേക്ക് നീങ്ങുകയാണ്. ലാഹോറില്‍ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങള്‍ രാവിലെ എട്ടരയോടെയാണ് പുറത്ത് വന്നത്. വലിയ ശബ്ദം കേട്ടെന്നും, മൂന്ന് സ്ഥലങ്ങളില്‍ പുക ഉയര്‍ന്നെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോള്‍ട്ടന്‍ വിമാനത്താവളത്തിന് തൊട്ടടുത്തായിരുന്നു സ്ഫോടനം. ഇന്ത്യയുടെ ഒരു ഡ്രോണ്‍ വെടിവച്ചിട്ടെന്നാണ് പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.

ഇതിനിടെ, ഇന്നലെ രാത്രി ഇന്ത്യക്ക് നേരെ വ്യോമാക്രമണത്തിന് പാകസ്ഥാന്‍ സേന നീക്കം നടത്തിയെന്നാണ് സൂചന. പാക് വിമാനങ്ങളുടെ സാന്നിധ്യം മനസിലാക്കി ഇന്ത്യന്‍ സേന എന്തിനും തയ്യാറെടുത്ത് നിന്നു. പാക് വിമാനങ്ങള്‍ പക്ഷേ അതിര്‍ത്തി കടന്നില്ല. ഒരു പാക് വിമാനം ഇന്ത്യ എസ് 400 പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ ഭാഗത്ത് അമൃത് സറിനടുത്ത് മജീദയിലും രാത്രി നാട്ടുകാര്‍ സ്ഫോടന ശബ്ദം കേട്ടു. പഞ്ചാബ് അതിര്‍ത്തിയില്‍ ഇന്നലെ രാത്രി വൈദ്യുതി വിച്ഛേദിച്ചതും ആശങ്കയാക്കി. മജീദയില്‍ നിന്ന് ഡ്രോണിന്‍റേത് തോന്നുന്ന ചില ഭാഗങ്ങള്‍ കിട്ടി. ഇന്ത്യക്കും പാക് സംഘര്‍ഷം വലുതാകാനുള്ള സാധ്യത കൂട്ടുന്നതാണ് ഈ നീക്കങ്ങള്‍. തുടര്‍നീക്കങ്ങളുണ്ടാകുമെന്ന സൂചന പ്രധാനമന്ത്രിയും നല്‍കിയാതാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts