Your Image Description Your Image Description

 

ജില്ലയിലെ സ്‌കൂളിലുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല അടിയന്തര യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സം ഉണ്ടെങ്കില്‍ അറിയിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സ്‌കൂള്‍ പരിസരങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും ദുരന്തനിവാരണ നിയമം അനുസരിച്ച് അടിയന്തര നടപടി സ്വീകരിച്ച് മുറിച്ചു നീക്കണം. സ്‌കൂള്‍ പരിസരത്തെ അപകടകരമായ വൈദ്യുത ലൈനുകള്‍ നീക്കാനും ഫെന്‍സിങ് ഇല്ലാത്ത ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് ചുറ്റും ഫെന്‍സിങ് സ്ഥാപിക്കാനും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്തെ ഉപയോഗശൂന്യമായ കെട്ടിടങ്ങളില്‍ കുട്ടികള്‍ പ്രവേശിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇത് തഹസില്‍ദാര്‍മാര്‍ ഉറപ്പാക്കണം. അണ്‍ഫിറ്റായ കെട്ടിടങ്ങളുടെ പട്ടികയെടുത്ത് അവിടങ്ങളില്‍ ക്ലാസ് നടക്കുന്നില്ല എന്നുറപ്പാക്കാന്‍ മന്ത്രി എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ക്ക് പരിസരങ്ങളില്‍ അപകടസാഹചര്യങ്ങള്‍ ഇല്ലെന്നുറപ്പാക്കാന്‍ പ്രഥമാധ്യപകര്‍, പിടിഎ, തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്ന് സംയുക്തപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. അണ്‍ഫിറ്റായ ഒരു അങ്കണവാടിയും ജില്ലയില്‍ പ്രവര്‍ത്തിക്കരുത്. ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കാനുള്ള ജില്ലയിലെ 15 അങ്കണവാടികളുടെ പരിശോധന ഇന്ന് (29) ന് പൂര്‍ത്തിയാക്കാനും എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അങ്കണവാടികള്‍ക്ക് സമീപം വെള്ളക്കെട്ടില്ല എന്നുമുറപ്പാക്കണം. കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തുന്നതിന് സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

തോമസ് കെ തോമസ് എംഎല്‍എ യോഗത്തില്‍ സന്നിഹിതനായി. ജില്ലയിലെ 760 സ്‌കൂളുകളില്‍ 714 സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും 46 സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത പറഞ്ഞു. 2150 അങ്കണവാടികളില്‍ 2074 എണ്ണത്തിന് ഫിറ്റ്‌നസ് ലഭിച്ചിച്ചിട്ടുണ്ട്. അങ്കണവാടികളില്‍ സ്‌ക്രാപ്പ് വസ്തുക്കളുടെ പട്ടികയെടുത്ത് അടിയന്തരമായി നീക്കാന്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോസ്ഥര്‍ യോഗത്തെ അറിയിച്ചു. ദുരന്ത നിവാരണം ഡെ. കളക്ടര്‍ സി പ്രേംജി, വിദ്യാഭ്യാസ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ, മോട്ടോര്‍വാഹന വകുപ്പുകള്‍, കെ എസ് ഇ ബി എന്നിവയിലെ ഉദ്യോഗസ്ഥരും മറ്റു വകുപ്പ് മോധാവികളും യോഗത്തില്‍ പങ്കെടുത്തു.

Related Posts