Your Image Description Your Image Description

വാഷിങ്ടണ്‍: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുള്‍പ്പെടെ നാല് പേരെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിച്ച (ഐഎസ്എസ്) ആക്‌സിയം-4 ദൗത്യത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര ജൂലായ് 14 ന് നടക്കുമെന്ന് നാസ അറിയിച്ചു. നിലയത്തിലേക്കുള്ള ക്രൂ-11 ദൗത്യത്തിന്റെ വിക്ഷേപണം ജൂലായ് 31-ന് തീരുമാനിച്ച സാഹചര്യത്തിലാണ് ആക്‌സിയം-4 ദൗത്യത്തിന്റെ അണ്‍ഡോക്കിങ് തീയതി പ്രഖ്യാപിച്ചത്.

ബഹിരാകാശ നിലയത്തിലെത്തിയതിന് പിന്നാലെ ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ളവര്‍ വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ ആരംഭിച്ചിരുന്നു. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്.

മുന്‍പ് നിശ്ചയിച്ച പ്രകാരം പരീക്ഷണങ്ങള്‍ക്കായി 14 ദിവസം നിലയത്തില്‍ ചെലവിട്ട ശേഷം ദൗത്യം വ്യാഴാഴ്ച മടങ്ങേണ്ടതായിരുന്നു. മകനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്ന് ശുഭാംശുവിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. ഐഎസ്എസില്‍ ആദ്യമായി കാലുകുത്തുന്ന ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.

Related Posts