Your Image Description Your Image Description

കൊല്‍ക്കത്ത: പാവപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗ്രാമീണര്‍ സര്‍വതും നഷ്ടപ്പെട്ട് സ്വന്തം നാട്ടില്‍ അഭയാര്‍ഥികളെപ്പോലെ ഭയന്നുകഴിയുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്. പരിഷ്‌കൃതസമൂഹത്തിന് അത് കണ്ടുനില്‍ക്കാനാവില്ല.അക്രമബാധിത ജില്ലകളായ മാല്‍ഡയിലും മുര്‍ഷിദാബാദിലും രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയ ഗവര്‍ണര്‍, ആക്രമണത്തിന് ഇരയായവരുടെ ആവശ്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്യുമെന്നും അവരുടെ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്നും വ്യക്തമാക്കി.

‘ദുരിതാശ്വാസ ക്യാംപുകളില്‍ കണ്ടതും കേട്ടതും അതിദാരുണമായ, അവിശ്വസനീയമായ കാര്യങ്ങളാണ്. ഇത് ബംഗാളിന് മാത്രമല്ല രാജ്യത്തിനാകെത്തന്നെ അപമാനകരമാണ്. അക്രമം എന്ത് വില കൊടുത്തും തടയും. അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. അക്രമബാധിതരായ മുഴുവന്‍പേരെയും അവിടെത്തന്നെ പുനരധിവസിപ്പിക്കാന്‍ നടപടിയുണ്ടാകും. ജനജീവിതം സാധാരണ നിലയിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും വിവിധ ഏജന്‍സികളുമായി ഏകോപിപ്പിച്ച് സമഗ്രമായ അടിയന്തര ആക്ഷന്‍ പ്ലാന്‍ തയാറാക്കും – ആനന്ദബോസ് മാധ്യമങ്ങളോട് പറഞ്ഞു. ഷംഷേര്‍ഗഞ്ചിലെ ജാഫ്രാബാദില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെയും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം, സ്ഥിരമായ ബിഎസ്എഫ് ക്യാംപ് അടക്കമുള്ള ആവശ്യങ്ങള്‍ ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധയില്‍കൊണ്ടുവരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts