Your Image Description Your Image Description

ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു.

വെള്ളത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് എന്‍കെഫലൈറ്റിസ്) ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗമുണ്ടാവുന്നത്. മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്.

ഈ രോഗത്തിന് മരണനിരക്ക് വരെ കൂടുതലാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. രോഗാണുബാധ ഉണ്ടായാല്‍ 5-10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്ക് നോക്കാനും ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

കുഞ്ഞുങ്ങളില്‍ ഇതിന് പുറമെ ഭക്ഷണം കഴിക്കാനും കളിക്കാനുമുള്ള മടി, അനങ്ങാതെ കിടക്കുക എന്നിവയും കാണാം. ഓര്‍മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവ രോഗം ഗുരുതരമാവുന്നതിന്റെ സൂചനകളാണ്. പനിയുമായി ഡോക്ടറെ കാണുന്നവര്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ആ വിവരം ഡോക്ടറെ അറിയിക്കണം.

Related Posts